ഗുഹക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു | Video

Posted on: July 11, 2018 8:41 pm | Last updated: July 12, 2018 at 10:38 am

ബാങ്കോക്ക്: വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായിലെ ഗുഹക്കുള്ളില്‍ നിന്ന് രക്ഷപ്പെട്ട കുട്ടികളുടെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. ഇവര്‍ ആശുപത്രിയില്‍ കഴിയുന്ന ദൃശ്യങ്ങളാണ് അധികൃതര്‍ പുറത്തുവിട്ടത്. കുട്ടികളെ ഡോക്ടര്‍മാര്‍ പരിചരിക്കുന്നതും കുട്ടികള്‍ ക്യാമറയെ നോക്കി അഭിവാദ്യമര്‍പ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒരാഴ്ചയെങ്കിലും കുട്ടികള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരിക്കും. ഇന്നലെയാണ് അവസാനത്തെ കുട്ടിയും അവരുടെ പ്രിയപ്പെട്ട കോച്ചിനേയും പുറത്തെത്തിച്ചത്. മൂന്ന് ദിവസത്തെ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിന് ശേഷമാണ് ഇവരെ രക്ഷപ്പെടുത്തിയത്.

കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ ടൈറ്റന്‍ എന്ന ചാനിന്‍ ഉള്‍പ്പെടെയുള്ളവരെയാണ് അവസാന ദിവസം സുരക്ഷിതമായി പുറത്തെത്തിച്ചത്.
പതിമൂന്ന് വിദേശ സ്‌കൂബാ മുങ്ങല്‍ വിദഗ്ധരും തായ് നാവികസേനയിലെ അഞ്ച് പേരും ഉള്‍പ്പെടെ പതിനെട്ട് പേരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. മുഴുവന്‍ പേരെയും പുറത്തെത്തിക്കാന്‍ ഇനിയും ദിവസങ്ങള്‍ എടുത്തേക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എട്ട് കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഗുഹക്ക് മുന്നിലെ ആഘോഷത്തിനിടയിലും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ നാവികസേനയിലെ മുന്‍ മുങ്ങല്‍ വിദഗ്ധന്റെ മരണം നോവായി മാറി. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലിന്‍ഡര്‍ നല്‍കി മടങ്ങുന്നതിനിടെയാണ് സമാന്‍ ഗുനാന്‍ എന്ന മുങ്ങല്‍ വിദഗ്ധന്‍ മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ മാസം 23നാണ് വടക്കന്‍ തായ്‌ലാന്‍ഡിലെ ചിയാംഗ് റായ് പ്രദേശത്തെ താംലുവാംഗ് ഗുഹയില്‍ പതിനൊന്നിനും പതിനാറിനും ഇടയിലുള്ള പന്ത്രണ്ട് കുട്ടികളും അവരുടെ കോച്ചും അകപ്പെട്ടത്. കനത്ത മഴ പെയ്തതോടെ ഗുഹാമുഖത്ത് ചെളി നിറയുകയും ഗുഹക്കുള്ളില്‍ വെള്ളം നിറയുകയുമായിരുന്നു. ഇരുട്ടില്‍ കഴിഞ്ഞ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഗുഹക്കുള്ളില്‍ നാലര കിലോമീറ്റര്‍ അകലെയായി ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ കുട്ടികളെ കണ്ടെത്തിയത്.