താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ പൊളിച്ചുകളയൂ: സുപ്രീം കോടതി

Posted on: July 11, 2018 7:56 pm | Last updated: July 12, 2018 at 12:34 am

ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ അലംഭാവം കാട്ടുന്ന കേന്ദ്ര സര്‍ക്കാറിനും ഉത്തര്‍പ്രദേശ് സര്‍ക്കാറിനും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. താജ്മഹല്‍ സംരക്ഷിക്കാന്‍ കഴിയില്ലെങ്കില്‍ അടച്ചു പൂട്ടുകയോ പൊളിച്ചുനീക്കുകയോ പുനരുദ്ധരിക്കുകയോ ചെയ്യണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എംബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.

പരിസ്ഥിതി പ്രവര്‍ത്തകനായ എംസി മേത്ത സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര, ഉത്തര്‍പ്രദേശ് സര്‍ക്കാറുകളെ സുപ്രീം കോടതി വിമര്‍ശിച്ചത്. താജ്മഹല്‍ സംരക്ഷിക്കാന്‍ യാതൊരു നീക്കവും നടക്കുന്നില്ലെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു. താജ്മഹല്‍ സംരക്ഷിക്കാനുള്ള പദ്ധതി രേഖ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തയ്യാറാക്കാത്തതിനേയും സുപ്രീം കോടതി വിമര്‍ശിച്ചു.