കോട്ടക്കലില്‍ ഒറ്റരാത്രികൊണ്ട് നിരവധി ‘കോടീശ്വരന്മാര്‍’

Posted on: July 2, 2018 11:08 am | Last updated: July 2, 2018 at 11:08 am

കോട്ടക്കല്‍: എസ് ബി ഐ ശാഖയില്‍ അക്കൗണ്ടുള്ളവരിലേക്ക് അവരറിയാതെ കോടികളുടെ നിക്ഷേപം. കോട്ടക്കലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് ഒറ്റദിവസം കൊണ്ട് കോടീശ്വരന്മാരായത്. കഴിഞ്ഞ ദിവസങ്ങളില്‍ കോടിക്കണക്കിന് രൂപയാണ് അവരറിയാതെ അക്കൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. എന്നാല്‍, അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ ആരാണ് പണം നിക്ഷേപിച്ചതെന്ന് അറിയാനോ നിക്ഷേപകര്‍ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം യുവതിയുടെ അക്കൗണ്ടില്‍ ഒരുകോടിയോടടുത്ത തുക നിക്ഷപിച്ചതായി കണ്ടെത്തിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇവര്‍ ബേങ്കില്‍ ബന്ധപ്പെട്ടെങ്കിലും സാങ്കേതിക തകരാര്‍ എന്ന് പറഞ്ഞ് അധികൃതര്‍ കൈയൊഴിയുകയായിരുന്നു. ഇതിന് പിന്നാലെ പലരുടേയും അക്കൗണ്ടിലേക്ക് ഒരു കോടി രൂപ നിക്ഷേപിക്കപ്പെട്ടു. പത്തോളം പേരുടെ അക്കൗണ്ടിലാണ് ഇത്തരത്തില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്.
ശമ്പളം നല്‍കാനായി സ്ഥാപനം തുടങ്ങിയ അക്കൗണ്ടിലാണ് ഇത്തരത്തില്‍ കാശ് നിക്ഷേപം നടന്നിരിക്കുന്നത്. ആര് നിക്ഷേപിക്കുന്നു എന്നത് സംബന്ധിച്ച് വ്യക്തമായ വിവരം നല്‍കാന്‍ ബേങ്ക് അധികൃതര്‍ തയ്യാറാകുന്നില്ല.
കഴിഞ്ഞ ദിവസം യുവതി എ ടി എമ്മില്‍ പരിശോധിച്ചപ്പോഴാണ് ഒരു കോടിയോളം വരുന്ന തുക നിക്ഷേപിച്ചതായി കണ്ടെത്തിയത്. ഉടനെ ബേങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു.

എന്നാല്‍, ബേങ്ക് ഉദ്യോഗസ്ഥര്‍ വളരെ നിസാരമായാണ് പ്രശ്‌നത്തെ കണ്ടത്. ഇതിന് പിന്നാലെ കൂടുതല്‍ ആളുകളുടെ അക്കൗണ്ടില്‍ നിക്ഷേപം നടന്നതായി വ്യക്തമായി. പലരും അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഇന്നലെ ഒഴിവ് ദിവസമായതിനാല്‍ നേരില്‍ ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. തങ്ങളുടെ അക്കൗണ്ടില്‍ കോടികള്‍ നിക്ഷേപം നടന്നതോടെ പലരും അങ്കലാപ്പിലാണ്. ഇത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ നിര്‍ബന്ധിതരായേക്കുമെന്നതാണ് ആശങ്കക്ക് ഇടവരുത്തുന്നത്.
കഴിഞ്ഞ ദിവസത്തെ സംഭവത്തിലും രേഖാപരമായ പരാതി നല്‍കിയിട്ടില്ലെന്നാണ് അറിയുന്നത്. അതേസമയം, അനധികൃത നിക്ഷേപത്തിന് പിന്നില്‍ ചില വന്‍കിടക്കാരുണ്ടോയെന്നും ജനങ്ങള്‍ സംശയിക്കുന്നുണ്ട്. നികുതി വെട്ടിപ്പിനായി പണം നിക്ഷേപിച്ചതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇത്തരത്തില്‍ നിക്ഷേപം നടന്നിട്ടില്ലെന്നാണ് ചീഫ് മാനേജര്‍ നന്ദകുമാറിന്റെ പ്രതികരണം.