കന്നുകാലികളുമായി പോയ വാഹനം തടഞ്ഞ് ആക്രമണം: രണ്ട് ഗോരക്ഷാ ഗുണ്ടകള്‍ അറസ്റ്റില്‍

Posted on: June 29, 2018 4:46 pm | Last updated: June 29, 2018 at 8:12 pm
SHARE
ഗോരക്ഷാ പ്രവര്‍ത്തകരുടെ അക്രമണത്തിനിരയായ ജലാലുദ്ദീന്‍, സാബു, ജലീല്‍ എന്നിവര്‍ കൊട്ടാരക്കര ആശുപത്രിയില്‍

കൊല്ലം: കന്നുകാലികളുമായി പോയ വാഹനം തടഞ്ഞുനിര്‍ത്തി മൂന്ന് പേരെ ആക്രമിച്ച കേസില്‍ രണ്ട് രണ്ട് പേര്‍ അറസ്റ്റില്‍. വിഷ്ണു (26) ഗോകുല്‍ (28) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് മുസ്‌ലിയാര്‍ മന്‍സിലില്‍ ജലാലുദ്ദീന്‍ (54) ഡ്രൈവറായ കുളപ്പാടം നെടുമ്പന മുട്ടക്കാവ് കുളപുറത്ത് പടിഞ്ഞാറ്റേതില്‍ സാബു (39) ജലാലുദീന്റെ സഹോദരി ഭര്‍ത്താവും കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് അല്‍ഫിയാ മന്‍സിലില്‍ ജലീല്‍ (44) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. കൊട്ടാരക്കര വയ്യങ്കര കന്നുകാലി ചന്തയില്‍ നിന്ന് മിനി ലോറിയില്‍ കൊട്ടാരക്കരയിലേക്ക് കന്നുകാലികളുമായി വരുമ്പോഴായിരുന്നു ആക്രമണം. പുത്തൂര്‍ മുതല്‍ കൊട്ടാരക്കരക്ക് എട്ട് കിലോ മീറ്റര്‍ അകലെ വരെ വാഹനത്തിന് പിന്നാലെ അസഭ്യവര്‍ഷവുമായി രണ്ടംഗ സംഘം പിന്തുടര്‍ന്നിരുന്നു. ഈ സംഘം കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റ് റെയില്‍വേ മേല്‍പാലത്തിന് സമീപം ലോറി തടഞ്ഞു നിര്‍ത്തി വാഹനത്തിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. ലോറിയെ പിന്തുടര്‍ന്ന് എത്തിയ ബൈക്ക് യാത്രക്കാര്‍ മുസ്‌ലിം സ്ട്രീറ്റ് റെയില്‍വേ മേല്‍ പാലത്തിന് സമീപം വെച്ച് മിനി ലോറിക്ക് മുന്നില്‍ ബൈക്ക് കുറുകെ നിര്‍ത്തി തടഞ്ഞു. പശുവിനെ കൊണ്ടു പോകാന്‍ അനുവദിക്കുകയില്ലെന്നും ഉത്തര്‍ പ്രദേശിലെ അനുഭവം ഓര്‍മയുണ്ടോ എന്നും ചോദിച്ച് തങ്ങളെ ആക്രമിക്കുകയുമായിരുന്നുവെന്ന് മര്‍ദനമേറ്റവര്‍ പറയുന്നു.

തുടര്‍ന്ന് ജലാലുദ്ദീനെ ആക്രമിക്കുകയായിരുന്നു. ബന്ധുവായ ജലാലുദീനെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാനെത്തിയ ജലീലിനെയും സംഘം മര്‍ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്തു.
ലോറി ഡ്രൈവറായ സാബുവിനും മര്‍ദ്ദനത്തില്‍ പരുക്കേറ്റിട്ടുണ്ട്. ആക്രമണം നടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.