Connect with us

National

ഷുജാത് ബുഖാരി വധം: പാക്കിസ്ഥാന്‍കാരന്‍ അടക്കം മൂന്ന് പ്രതികളെ തിരിച്ചറിഞ്ഞു

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും റൈസിംഗ് കശ്മീര്‍ ദിനപത്രത്തിന്റെ എഡിറ്ററുമായ ഷുജാത് ബുഖാരിയുടെ ഘാതകരെ തിരിച്ചറിഞ്ഞതായി പോലീസ്. കശ്മീരിലുള്ള രണ്ട് പേരേയും പാക്കിസ്ഥാന്‍കാരനെയുമാണ് തിരിച്ചറിഞ്ഞത്. ഇയാള്‍ ലശ്കര്‍ ഇ തൊയ്ബ ഭീകരനാണെന്ന്് സംശയിക്കുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെ മൂന്ന് പേരെയും തിരിച്ചറിഞ്ഞെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

ശ്രീനഗര്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈദുല്‍ ഫിത്വറിന് തലേ ദിവസം റൈസിംഗ് കാശ്മീര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ഷുജാത് ബുഖാരി വെടിയേറ്റ് മരിച്ചത്. വെടിവെപ്പില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകരനായ രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു.

കശ്മീര്‍ താഴ്‌വരയില്‍ സമാധാനം പുലരുന്നതിന് ബുഖാരി ശ്രമം നടത്തിയതാണ് പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ശ്രീനഗറിലെ പ്രസ് കോളനിയില്‍ സ്വന്തം ഓഫീസിന് പുറത്തിറങ്ങിയ ഉടനെ ബുഖാരിക്ക് വെടിയേല്‍ക്കുകയായിരുന്നു. കാറില്‍ കയറാനുള്ള ശ്രമത്തിനിടെ ബൈക്കിലെത്തിയ തീവ്രവാദികള്‍ തുടരെ വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുമ്പായിരുന്നു ആക്രമണം.

വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 2000ത്തിലും ഇദ്ദേഹത്തിന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതിന് ശേഷമാണ് രണ്ട് പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചത്.

Latest