റെയില്‍വേ വികസനം: കേന്ദ്രവും കേരളവും ഏറ്റുമുട്ടുന്നു

Posted on: June 25, 2018 9:09 am | Last updated: June 25, 2018 at 11:59 am

തിരുവനന്തപുരം:സംസ്ഥാനത്തെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ്‌ഗോയലുമായി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഏറ്റുമുട്ടലിന്. സംസ്ഥാന സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ലെന്ന് വിമര്‍ശിച്ച ഗോയലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനും രംഗത്തുവന്നു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട് റെയില്‍വേ ഭവന് മുന്നില്‍ മുഖ്യമന്ത്രിയും ഇടതുപക്ഷ എം എല്‍ എമാരും ധര്‍ണ നടത്തിയതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറിനെതിരെ കേന്ദ്രമന്ത്രി രംഗത്തുവന്നത്. ഇതിനിടെ, ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ ഗോയലിനെ സന്ദര്‍ശിച്ച് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഉറപ്പ് നേടുകയും ചെയ്തു. ഈ കൂടിക്കാഴ്ചക്ക് ശേഷമാണ് സംസ്ഥാന സര്‍ക്കാറിനെ ഗോയല്‍ വിമര്‍ശിച്ചത്. മുഖ്യമന്ത്രിക്ക് കൂടിക്കാഴ്ചക്ക് സമയം നല്‍കാതെ വി എസിന് സമയം നല്‍കിയെന്ന വാര്‍ത്തകളും വന്നിരുന്നു.
എന്നാല്‍, പീയൂഷ് ഗോയലിനെ കാണാന്‍ അനുമതി തേടിയിട്ടും സമയം അനുവദിച്ചില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡല്‍ഹി സന്ദര്‍ശന വേളയില്‍ റെയില്‍വേ മന്ത്രിയെ കാണുന്ന കാര്യം മനസ്സില്‍ പോലും വിചാരിച്ചിരുന്നില്ല. വായുവില്‍ കൂടി പാളം നിര്‍മിക്കാനാകില്ലെന്ന ഗോയലിന്റെ പ്രസ്താവന വിടുവായത്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഞ്ചിക്കോട് കോച്ച് ഫാക്ടറി പ്രശ്‌നവുമായി ബന്ധപ്പെട്ടു റെയില്‍വേ മന്ത്രിക്ക് കത്തുകള്‍ അയച്ചിരുന്നു. കേന്ദ്ര സര്‍ക്കാറുമായി നിരവധി തവണ ബന്ധപ്പെടുകയും ചെയ്തിരുന്നു. പാലക്കാട് എം പി ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ഏറ്റെടുത്ത ഭൂമി ഇപ്പോള്‍ റെയില്‍വേയുടെ കൈയിലാണ്. ഇക്കാര്യമെല്ലാം അവഗണിച്ച് കോച്ച് ഫാക്ടറി വേണ്ടെന്നുവെച്ച കേന്ദ്ര നിലപാടിനെതിരായ പ്രതിഷേധമാണ് റെയില്‍ ഭവന് മുന്നില്‍ നടത്തിയ ധര്‍ണ. സമരം ഉദ്ഘാടനം ചെയ്യാന്‍ പോയിരുന്നു. അതല്ലാതെ മന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഇക്കാര്യം മാധ്യമങ്ങള്‍ക്കും അറിയാവുന്നതാണ്. ഭൂമി ഏറ്റെടുത്തു നല്‍കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണയെന്നാണ് ആദ്യം കരുതിയത്. അത് അദ്ദേഹം ആവര്‍ത്തിക്കുന്നത് ബോധപൂര്‍വമാണ്. കാര്യങ്ങള്‍ മനസ്സിലാക്കണം. കേന്ദ്ര മന്ത്രിയാണെന്നുള്ളതുകൊണ്ട് എന്തെങ്കിലും വിളിച്ചു പറയാന്‍ പാടില്ല. റെയില്‍വേക്കായി ഭൂമി ഏറ്റെടുക്കലില്‍ നല്ല പുരോഗതിയാണ് കേരളത്തിലുണ്ടായിട്ടുള്ളത്. ഇക്കാര്യങ്ങളിലെ വസ്തുതകള്‍ വ്യക്തമാക്കി അദ്ദേഹത്തിന് കത്തയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭരണഘടന പ്രകാരമുള്ള മാന്യതയും ഉത്തരവാദിത്വവും കേന്ദ്രമന്ത്രി കാണിക്കണമെന്ന് മന്ത്രി ജി സുധാകരനും ആവശ്യപ്പെട്ടു. ലഭിക്കേണ്ട അവകാശങ്ങള്‍ പിടിച്ചുമേടിക്കാന്‍ മലയാളികള്‍ക്ക് അറിയാം. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന പഴമൊഴിയെ സാധൂകരിക്കുന്ന മട്ടിലാണ് റെയില്‍വേ മന്ത്രിയുടെ അന്തസ്സില്ലാത്ത വാക്കുകള്‍. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയും ഭരണഘടനാ പദവികളാണ്. ആ പദവിക്ക് അപമാനകരമാണ് പിയുഷ് ഗോയലിന്റെ ‘ആകാശത്ത് കൂടിയാണോ കേരളത്തില്‍ ട്രെയിന്‍ ഓടിക്കേണ്ടത്’ എന്ന വാക്കുകള്‍.

ഇപ്പോഴുള്ള രണ്ട് വരികള്‍ക്കൊപ്പം രണ്ട് വരികള്‍ കൂടി കൂട്ടിച്ചേര്‍ത്ത് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാനുള്ള സംവിധാനമൊരുക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാല്‍, ഇതിന് വേറെ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്നാണ് പീയുഷ് ഗോയല്‍ പറയുന്നത്. കേരളത്തില്‍ ഇത് പ്രായോഗികമല്ലാത്ത കാര്യമാണ്. കേന്ദ്രമന്ത്രിയുടേത് അഹങ്കാരം നിറഞ്ഞ സമീപനമാണെന്നും അദ്ദേഹം മാന്യതയും അന്തസ്സും കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.