സ്‌കൂളുകളില്‍ നിന്നുള്ള കുത്തിവെപ്പിന് രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണം

Posted on: June 24, 2018 2:11 pm | Last updated: June 24, 2018 at 2:11 pm
SHARE

കോട്ടക്കല്‍: സ്‌കൂളുകളില്‍ നിന്ന് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്‍, മരുന്ന് എന്നിവക്ക് രക്ഷിതാവിന്റെ രേഖാമൂലമുള്ള സമ്മതം വേണമെന്ന് നിര്‍ദേശം. സംസ്ഥാന സര്‍ക്കാറാണ് പൊതുവിദ്യാഭ്യാസ വകുപ്പിലൂടെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇറക്കിയ ഉത്തരവിലാണ് പുതിയ നിര്‍ദേശം. സ്‌കൂള്‍ തലത്തില്‍ നല്‍കുന്ന രോഗ പ്രതിരോധ കുത്തിവപ്പുകള്‍ വിരഗുളികകള്‍ മുതലായവക്ക് ബന്ധപ്പെട്ട രക്ഷിതാവിനെ അധികാരികള്‍ മുന്‍കൂട്ടി അറിയിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിക്കുന്നു. രക്ഷിതാക്കളുടെ സാന്നിധ്യത്തിലും അവരുടെ രേഖാമൂലമുള്ള സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിലുമാകണം ഇത് നല്‍കേണ്ടത് എന്ന് സര്‍ക്കുലര്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ബോധവത്കരണം നടത്തിയ ശേഷമേ ഇത് ചെയ്യാവൂ. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

എതിര്‍പ്പുള്ള രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് ഒരു വാക്‌സിനും നിര്‍ബന്ധിച്ച് നല്‍കരുതെന്ന് നേരത്തെ എം ആര്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ കോക്കൂര്‍ ഗവ: ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പി ടി എ പ്രസിഡന്റ് സമര്‍പ്പിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കുട്ടികള്‍ക്ക് നല്‍കുന്ന വാക്‌സിന്റെ പേര്‍, കമ്പനി, ബാച്ച്, തീയതി, ഡോസ്, നല്‍കിയ സമയം മുതലായ കാര്യങ്ങള്‍ രജിസ്റ്ററില്‍ സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ക്ക് നല്‍കുകയും വെണമെന്നും കോടതി ഉത്തരവിലുണ്ടായിരുന്നു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ തന്നെ കുട്ടികളെ നിര്‍ബന്ധിച്ച് വാക്‌സിന്‍ എടുക്കാമെന്ന് കലക്ടറും ആരോഗ്യ വകുപ്പും പ്രസ്താവന ചെയ്ത സാഹചര്യത്തിലാണ് അന്ന് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.