13 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസ്; വൃദ്ധന് 12 വര്‍ഷം കഠിന തടവും പിഴയും

Posted on: June 24, 2018 9:57 am | Last updated: June 24, 2018 at 9:57 am
SHARE

കൊല്ലം: 13 വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുതിര്‍ന്ന പൗരന് 12 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ശാസ്താംകോട്ട മൈനാഗപ്പള്ളി സ്വദേശിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മൈനാഗപ്പള്ളി കടപ്പാ പാപ്പനംതറയില്‍ വീട്ടില്‍ രാജു പാപ്പച്ച(59) നെയാണ് കോടതി ശിക്ഷിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയതിന് അഞ്ച് വര്‍ഷവും പിഴയായി 25,000 രൂപയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ഏഴ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും ഉള്‍പ്പെടെയാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 450, 376 എന്നീ വകുപ്പുകള്‍ പ്രകാരം കൊല്ലം ഒന്നാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ഇ ബൈജു ശിക്ഷ വിധിച്ചത്.

2009 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പല ആശുപത്രികളിലും സമീപിച്ചെങ്കിലും ഹൈ റിസ്‌ക് പ്രഗ്‌നന്‍സിക്ക് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പ്രസവത്തെ തുടര്‍ന്ന് ശാസ്താംകോട്ട പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
തുടര്‍ന്ന് പ്രതിയുടെ ആവശ്യപ്രകാരം ഡി എന്‍ എ ടെസ്റ്റ് നടത്തിയാണ് കുട്ടിയുടെ പിതൃത്വം സംശയാതീതമായി തെളിയിക്കപ്പെട്ടത്. കേസില്‍ 20 സാക്ഷികളെയും 20ല്‍പരം രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.
പ്രോസിക്യൂട്ടര്‍മാരായ കെ പി ജബ്ബാര്‍, ജി സുഹോത്രന്‍, അമ്പിളി ജബ്ബാര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here