മാക്കൂട്ടം ഉരുള്‍ പൊട്ടല്‍: എസ് വൈ എസ് സാന്ത്വനം പത്ത് സെന്റ് സ്ഥലം നല്‍കും

Posted on: June 21, 2018 9:43 am | Last updated: June 21, 2018 at 9:43 am

കണ്ണൂര്‍: ഇരിട്ടി മാക്കൂട്ടം ഉരുള്‍ പൊട്ടലില്‍ ജീവനോപാധികള്‍ മുഴുവന്‍ നഷ്ടപ്പെട്ട കൂട്ടുപുഴയിലെയും പേരട്ടയിലെയും കുടുംബങ്ങളെ പുനരധിവാസിപ്പിക്കാന്‍ പായം പഞ്ചായത്ത് നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തായി സുന്നി സംഘടനകളും. കിളിയന്തറ സ്‌കൂളില്‍ പുനരധിവാസവുമായി ബന്ധപ്പെട്ട് നടന്ന രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ യോഗത്തിലാണ് കേരള മുസ്‌ലിം ജമാഅത്ത്- എസ് വൈ എസ് ജില്ലാ നേതാക്കള്‍ പുനരധിവാസത്തിനാവശ്യമായ പത്ത് സെന്റ് സ്ഥലം നല്‍കുമെന്ന് അറിയിച്ചത്. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശിയും ആര്‍ പി ഹുസൈന്‍ മാസ്റ്റര്‍ ഇരിക്കൂറും ഇക്കാര്യം യോഗത്തില്‍ അറിയിച്ചു.
സര്‍ക്കാറിന്റെ എല്ലാ പുനരധിവാസ പദ്ധതികള്‍ക്കും സഹായകരമായ നിലപാട് സ്വീകരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

മാക്കൂട്ടത്തുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് സര്‍വവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ ജില്ലയിലെ സുന്നിനേതാക്കള്‍ നേരത്തെ സന്ദര്‍ശിക്കുകയും പുനരധിവാസ പക്കേജ് ഉടന്‍ പ്രഖ്യാപിക്കണെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എസ് വൈ എസ് സാന്ത്വനം വളന്റിയര്‍മാര്‍ ക്യാമ്പിന് ആവശ്യമായ എല്ലാ സഹായവും നല്‍കി. പുനരധിവാസവുമായി ബന്ധപ്പെട്ട് അധികൃതരെ സഹായിക്കുന്നതിനായി ശാഫി ലത്വീഫി ചെയര്‍മാനും എം പി അബ്ദുല്‍ ഖാദിര്‍ ഹാജി കണ്‍വീനറുമായി കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

യോഗം കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ഹാമിദ് മാസ്റ്റര്‍ ചൊവ്വ ഉദ്ഘാടനം ചെയ്തു. ഹനീഫ് പാനൂര്‍, മുഹ്‌യദ്ദീന്‍ സഖാഫി മുട്ടില്‍, മുഹമ്മദ് മുസ്‌ലിയാര്‍ നുച്ചിയാട്, ഷാജഹാന്‍ മിസ്ബാഹി, അബ്ദുല്‍ കരീം സഖാഫി, സാജിദ് മാസ്റ്റര്‍ പ്രസംഗിച്ചു.