കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: നഫീസയുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം 14 ആയി

Posted on: June 18, 2018 5:07 pm | Last updated: June 19, 2018 at 10:26 am

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച അബ്ദുര്‍റഹ്മാന്റെ ഭാര്യ നഫീസയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. ഇതോടെ ദുരന്തത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തി. ദുരന്തത്തില്‍ മരിച്ച ഹസന്റെ ഭാര്യ ആസ്യയുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. റഡാര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചായിരുന്നു തിരച്ചില്‍.

ഏഴ് പേരുടെ മൃതദേഹങ്ങള്‍ ദുരന്തമുണ്ടായ വ്യാഴാഴ്ച കണ്ടെത്തിയിരുന്നു. വെട്ടിഒഴിഞ്ഞതോട്ടം കരിഞ്ചോലയില്‍ ഉമ്മിണി അബ്ദുര്‍റഹ്മാന്‍ (60), മകന്‍ ജഅ്ഫര്‍ (38), ജഅ്ഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (അഞ്ച്), അയല്‍വാസികളായ കരിഞ്ചോലയില്‍ ഹസന്‍ (75), മകള്‍ ജന്നത്ത് (17), കരിഞ്ചോലയില്‍ സലീമിന്റെയും സറീനയുടെയും മക്കളായ ദില്‍ന ഷെറിന്‍ (ഒമ്പത്), മുഹമ്മദ് ശഹബാസ് (മൂന്ന്) എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യ ദിവസം കണ്ടെത്തിയത്.

ഹസന്റെ മറ്റൊരു മകളും കൊട്ടാരക്കോത്ത് തെയ്യപ്പാറക്കല്‍ സുബീറിന്റെ ഭാര്യയുമായ നുസ്‌റത്ത് (25), മൂത്ത മകള്‍ റിന്‍ഷ മെഹറിന്‍ (നാല്), ഹസന്റെ മകന്‍ മുഹമ്മദ് റാഫിയുടെ ഭാര്യ ഷംന (24), ഷംനയുടെ മകള്‍ നിയ ഫാത്വിമ (മൂന്ന്) എന്നിവരുടെ മൃതദേഹമാണ് കഴിഞ്ഞദിവസം കണ്ടെടുത്തത്. നുസ്‌റത്തിന്റെ ഒരു വയസ്സുകാരിയായ മകള്‍ റിസ്‌വ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു.