ട്രാഫിക്ക് കുരുക്ക്: കുതിരപ്പുറത്തേറി ഐടി എന്‍ജിനീയറുടെ പ്രതിഷേധം

Posted on: June 16, 2018 4:02 pm | Last updated: June 16, 2018 at 4:02 pm

ബെംഗളുരു: ബെംഗളുരുവിലെ ട്രാഫിക്ക് കുരുക്കിന്റെ ദുരിതം വര്‍ഷങ്ങളോളം അറിഞ്ഞ യുവ ഐടി എന്‍ജിനീയര്‍ ഇത് അധികാരികളുടെ മുന്നിലെത്തിക്കാന്‍ സ്വീകരിച്ചത് കൗതുകമാര്‍ന്നൊരു വഴിയായിരുന്നു. ബംഗളുരുവിലെ ജോലി ഉപേക്ഷിക്കുന്ന അവസാന ദിവസം രൂപേഷ് കുമാര്‍ എന്ന യുവാവ് ഓഫീസിലെത്തിയത് കുതിരപ്പുറത്തേറിയായിരുന്നു. വെളുത്ത കുതിരയുടെ പുറത്ത് സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ എന്നനിലയിലുള്ള തന്റെ അവസാനത്തെ തൊഴില്‍ ദിനമാണിതെന്നുള്ള ബോര്‍ഡും തൂൂക്കിയിരുന്നു.

ഇന്റര്‍മീഡിയറ്റ് റിംഗ് റോഡിലൂടെ കുതിരപ്പുറത്തേറിയുള്ള കുമാറിന്റെ യാത്ര മറ്റുള്ളവര്‍ക്കും കൗതുകമായി പലരും ഇത് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

എട്ട് വര്‍ഷമായി ബെംഗളുരുവില്‍ ജോലി ചെയ്യുന്ന തന്നെ ഇവിടത്തെ ട്രാഫിക് കുരുക്ക് വല്ലാതെ നിരാശപ്പെടുത്തിയെന്ന് രാജസ്ഥാന്‍ സ്വദേശിയായ കുമാര്‍ പിന്നീട് പറഞ്ഞു. ജോലി ഉപേക്ഷിച്ച് സ്വന്തം സ്ഥാപനം തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഇയാള്‍.