Connect with us

Kerala

മാലിന്യക്കൂമ്പാരത്തിന് മുന്നില്‍ ജഡ്ജിയുടെ പ്രതിഷേധം; നിമിഷങ്ങള്‍ക്കകം നടപടിയെടുത്ത് നഗരസഭ

Published

|

Last Updated

എറണാകുളം മാര്‍ക്കറ്റിലെ മാലിന്യക്കൂമ്പാരത്തിന് മുമ്പില്‍ സബ് ജഡ്ജി എ എം ബഷീര്‍

കൊച്ചി: എറണാകുളം മാര്‍ക്കറ്റില്‍ മാലിന്യനീക്കം നിലച്ചുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ സബ് ജഡ്ജി മാലിന്യക്കൂമ്പാരത്തിന് സമീപം ഇരുന്ന് പ്രതിഷേധിച്ചു. മാലിന്യം പൂര്‍ണമായി മാറ്റാതെ സ്ഥലത്തുനിന്ന് പോകില്ലെന്ന നിലപാടില്‍ ജഡ്ജി ഉറച്ചുനിന്നപ്പോ ള്‍, ദിവസങ്ങളായി കെട്ടിക്കിടന്ന മാലിന്യം മണിക്കൂറുകള്‍കൊണ്ട് കോര്‍പറേഷന്‍ അധികൃതര്‍ നീക്കി.

കേരള ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയായ എ എം ബഷീറാണ് മാലിന്യക്കൂമ്പാരത്തിന് സമീപം മണിക്കൂറുകളോളം ഇരുന്ന് പ്രതിഷേധിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. മാര്‍ക്കറ്റിലെ മാലിന്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി പരാതികള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് ലഭിച്ചിരുന്നു. ചില കടകള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജി പരിശോധനക്ക് എത്തിയത്. ജഡ്ജി എത്തിയപ്പോള്‍ കണ്ടത് കൂടിക്കിടക്കുന്ന മാലിന്യങ്ങളായിരുന്നു. അസഹനീയമായ ദുര്‍ഗന്ധവും പ്രദേശത്ത് പടര്‍ന്നിരുന്നു. ഇതോടെ മാലിന്യനീക്കം പുനരാരംഭിക്കാതെ തിരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച് മാലിന്യക്കൂമ്പാരത്തിന് സമീപമിരുന്ന് ജഡ്ജി പ്രതിഷേധിക്കുകയായിരുന്നു.

പ്രതിഷേധ വിവരം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ കോര്‍പറേഷന്‍ അധികൃതര്‍ ഇടപെട്ട് മാലിന്യനീക്കം ആരംഭിക്കുകയായിരുന്നു. മാര്‍ക്കറ്റിലെ മാലിന്യം മുഴുവന്‍ നീക്കിയതിനു ശേഷമാണ് ജഡ്ജി സ്ഥലത്തുനിന്നു മടങ്ങിയത്. മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കത്തെ നിരീക്ഷിക്കാ ന്‍ കച്ചവടക്കാരെയും അഭിഭാഷകരെയും ഉള്‍പ്പെടുത്തി കമ്മിറ്റി രൂപവത്കരിക്കുമെന്ന് ജഡ്ജി പറഞ്ഞു. ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് മാലിന്യനീക്കം സംബന്ധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി കോര്‍പറേഷന്റെ അലംഭാവമാണ് മാലിന്യക്കൂമ്പാരത്തിന് കാരണമെന്ന് ജനങ്ങള്‍ പറയുന്നു. ദിവസം പത്ത് ലോഡെങ്കിലും മാലിന്യം ഇവിടെ നിക്ഷേപിക്കുന്നുണ്ട്. എറണാകുളം നഗരത്തിന്റെ പല ഭാഗത്തും ഇത്തരത്തിലുള്ള പ്രശ്‌നമുണ്ട്. എറണാകുളം നഗരത്തില്‍ മാലിന്യം കെട്ടിക്കിടക്കുന്ന 30 സ്ഥലങ്ങള്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റി കണ്ടെത്തിയിട്ടുണ്ട്.

Latest