രാജ്യസഭാ സീറ്റ്: രാഷ്ട്രീയകാര്യ സമതിയോഗം ഇന്ന്; ഉമ്മന്‍ചാണ്ടി പങ്കെടുക്കില്ല

Posted on: June 11, 2018 9:27 am | Last updated: June 11, 2018 at 4:26 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തറികള്‍ക്ക് ഇടയാക്കിയിരിക്കെ രാഷ്ട്രീയകാര്യ സമതിയോഗം ഇന്ന് ചേരും. അതേ സമയം സീറ്റ് വിട്ടുകൊടുക്കുന്നതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പങ്കെടുത്തേക്കില്ല. ആന്ധ്രയുടെ ചുമതലയുള്ള അദ്ദഹം ഇന്ന് അങ്ങോട്ടുതിരിക്കുമെന്നാണറിയുന്നത്. ഇന്നും നാളെയും ആന്ധ്രയില്‍ തങ്ങുന്ന ഉമ്മന്‍ ചാണ്ടി മുന്‍ എംപിമാര്‍ , ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി ചര്‍ച്ച നടത്തും. സംസ്ഥാനത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് വിട്ടുപോയവരേയും അദ്ദേഹം കാണും.

രാഷ്ട്രീയകാര്യ സമതിയില്‍ പങ്കെടുക്കില്ലെന്ന് കെപിസിസി പ്രസിഡന്റിനേയും പ്രതിപക്ഷ നേതാവിനേയും ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ്‌വ്യത്തങ്ങള്‍ പറഞ്ഞു.യോഗത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ശക്തമായ ആക്രമണം നടത്താനുള്ള നീക്കത്തിലാണ് പിജെ കുര്യനടക്കമുള്ള നേതാക്കള്‍. വിഷയത്തില്‍ വിഎം സുധീരനും വിട്ടുവീഴ്ചക്ക് തയ്യാറാകില്ലെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ വ്യക്തമാക്കുന്നത്. പിജെ കുര്യനു പുറമെ രാജ്യസഭാ സീറ്റ് പ്രതീക്ഷിച്ച പിസി ചാക്കോയും ഷാനിമോള്‍ ഉസ്മാനും ഉമ്മന്‍ചാണ്ടിക്കെതിരെ ആഞ്ഞടിച്ചേക്കും.