മലയാള സര്‍വകലാശാലയില്‍ 50 ശതമാനം പി ജി സീറ്റ് വെട്ടിക്കുറച്ചു

വ്യാപക പ്രതിഷേധം; നൂറ് സീറ്റ് നഷ്ടമാകും
Posted on: June 8, 2018 6:30 am | Last updated: June 7, 2018 at 11:37 pm

മലപ്പുറം: തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ പി ജി സീറ്റ് 50 ശതമാനം വെട്ടിക്കുറച്ചു. ഇതോടെ സര്‍വകലാശാലയില്‍ ഇത്തവണ നൂറ് പി ജി സീറ്റാണ് നഷ്ടമാവുക. സര്‍വകലാശാല ഗവേഷണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന അക്കാദമിക് കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സീറ്റ് കുറച്ചതെന്നാണ് സൂചന.

എന്നാല്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പ്രതീക്ഷയായ മലയാള സര്‍വകലാശാലയില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചത് ബിരുദ വിദ്യാര്‍ഥികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പത്തോളം എം എ കോഴ്‌സുകളാണ് നിലവില്‍ ഇവിടെയുള്ളത്. ഭാഷാശാസ്ത്രം, മലയാള സാഹിത്യപഠനം, സാഹിത്യരചന, സംസ്‌കാര പൈതൃക പഠനം, ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍സ്, പരിസ്ഥിതി പഠനം, തദ്ദേശ വികസന പഠനം, ചരിത്രം, സാമൂഹ്യശാസ്ത്രം (സോഷ്യോളജി), ചലച്ചിത്ര പഠനം തുടങ്ങിയ പത്തോളം കോഴ്‌സുകളാണുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരോ ബിരുദാനന്തര കോഴ്‌സിനും 20 സീറ്റ് വീതമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഇത് പത്താക്കി കുറച്ചിരിക്കുകയാണ്.

ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് വിവിധ ജില്ലകളില്‍ നിന്നായി ഓരോ വര്‍ഷവും ഇവിടെ എന്‍ട്രന്‍സ് എഴുതാറുള്ളത്. 2012 നവംബര്‍ ഒന്നിന് പിറവിയെടുത്ത മലയാള സര്‍വകലാശാലയില്‍ നിന്ന് മൂന്ന് ബാച്ചാണ് ഇതുവരെ പുറത്തിറങ്ങിയത്. നിലവില്‍ അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും ഉണ്ടായിരിക്കേ, പി ജി സീറ്റുകള്‍ വെട്ടിക്കുറച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മലയാളസര്‍വകലാശാല യൂനിറ്റ് എസ് എഫ് ഐ, കെ എസ് യു, എം എസ് എഫ് വിദ്യാര്‍ഥി സംഘടനകള്‍ ശക്തമായ പ്രതിഷേധ സമരത്തിന് ഒരുങ്ങുകയാണ്.

അതേസമയം, മലയാള സര്‍വകലാശാലയില്‍ സീറ്റുകള്‍ വെട്ടിക്കുറച്ചത് അക്കാദമിക് കൗണ്‍സിലിന്റെ തീരുമാനപ്രകാരമാണെന്ന് മലയാളസര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ സിറാജിനോട് പറഞ്ഞു. ഗവേഷണ മേഖലക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമാണിത്. ചില കോഴ്‌സുകളുടെ അംഗീകാരം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കേണ്ടതുണ്ട്. ഇതിനുപുറമെ സര്‍വകലാശാല ഇപ്പോള്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥിരം കെട്ടിടസംവിധാനമൊരുക്കേണ്ടതുണ്ട്. ഇതെല്ലാം യാഥാര്‍ഥ്യമായാല്‍ വര്‍ഷംതോറും സീറ്റുകള്‍ ആനുപാതികമായി കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.