കന്നഡ മന്ത്രിസഭയില്‍ വീണ്ടും മലയാളിത്തിളക്കം

Posted on: June 7, 2018 6:06 am | Last updated: June 6, 2018 at 11:11 pm
യു ടി ഖാദര്‍, കെ ജെ ജോര്‍ജ്

ബെംഗളൂരു: കര്‍ണാടക മന്ത്രിസഭയില്‍ വീണ്ടും മലയാളിത്തിളക്കം. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാറില്‍ മലയാളികളായ യു ടി ഖാദറും കെ ജെ ജോര്‍ജുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായ് വാലെ ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. സിദ്ധരാമയ്യ മന്ത്രിസഭയിലും ഇരുവരും മന്ത്രിമാരായിരുന്നു. ജോര്‍ജ് ബെംഗളൂരു നഗര വികസനവും യു ടി ഖാദര്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പുമാണ് കൈകാര്യം ചെയ്തിരുന്നത്. കുമാരസ്വാമി മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് മലയാളികളാണ് ഇത്തവണ ജയിച്ചത്. കെ ജെ ജോര്‍ജിനെയും യു ടി ഖാദറിനെയും കൂടാതെ എന്‍ എ ഹാരിസും നിയമസഭയിലെത്തിയിട്ടുണ്ട്. ജോര്‍ജ് ബെംഗളൂരു സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ നിന്നും യു ടി ഖാദര്‍ മംഗളൂരൂ സിറ്റിയില്‍ നിന്നുമാണ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ദക്ഷിണ കന്നഡ ജില്ലയില്‍ ബി ജെ പിയുടെ കാവിക്കാറ്റില്‍ പിടിവിടാതെ യു ടി ഖാദര്‍ നേടിയത് തിളക്കമാര്‍ന്ന വിജയമായിരുന്നു. മംഗളൂരു ജില്ലയിലെ എട്ട് മണ്ഡലങ്ങളില്‍ ഏഴിലും ബി ജെ പി വിജയിച്ചപ്പോള്‍ യു ടി ഖാദര്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ മാനം കാത്തത്. ബി ജെ പിയുടെ സന്തോഷ് കുമാര്‍ റായി ബൊളിയാരുവിനെ പരാജയപ്പെടുത്തിയാണ് ഖാദര്‍ വിജയിച്ചത്.

കാസര്‍കോട് ജില്ലയിലെ ഉപ്പള തുരുത്തി സ്വദേശിയാണ് യു ടി ഖാദര്‍. പിതാവ് യു ടി ഫരീദിന്റെ പാതയിലൂടെ രാഷ്ട്രീയ രംഗത്തെത്തി മിന്നുന്ന പ്രവര്‍ത്തനം കാഴ്ച വെച്ച ഖാദര്‍ പിന്നീട് എം എല്‍ എയും മന്ത്രിയുമായി.

കെ ജെ ജോര്‍ജ് മത്സരിച്ച സര്‍വജ്ഞ നഗര്‍ മണ്ഡലത്തില്‍ ജനതാദള്‍- എസിലെ അന്‍വര്‍ ശരീഫായിരുന്നു പ്രധാന എതിരാളി. 28,814 വോട്ടുകള്‍ക്കാണ് കെ ജെ ജോര്‍ജ് വിജയിച്ചത്. സിദ്ധരാമയ്യ മന്ത്രിസഭയുടെ തുടക്കത്തില്‍ ആഭ്യന്തര വകുപ്പാണ് ജോര്‍ജ് കൈയാളിയിരുന്നത്. മംഗളൂരു ഡി വൈ എസ് പി എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് 2016 ജൂലൈയില്‍ മന്ത്രിസ്ഥാനം രാജിവെച്ചെങ്കിലും സെപ്തംബറില്‍ മന്ത്രിസഭയില്‍ തിരിച്ചെത്തി. 1968ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ജോര്‍ജ് 1975ല്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് ട്രഷററും 1982ല്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുമായി. 1985ല്‍ സംസ്ഥാന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി. 1985ല്‍ ഭാരതിനഗര്‍ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശേഷം വീരേന്ദ്രപാട്ടീല്‍, ബംഗാരപ്പ മന്ത്രിസഭകളില്‍ മന്ത്രിയായി. കോട്ടയം ജില്ലയിലെ ചിങ്ങവനത്ത് കേളചന്ദ്ര വീട്ടില്‍ ചാക്കോ ജോസഫിന്റെയും മറിയാമ്മയുടെയും മകനാണ് ജോര്‍ജ്.