Connect with us

Sports

ഹാരി കെയ്ന്‍ മൂല്യമേറും താരം; നെയ്മര്‍ രണ്ടാമന്‍, മെസ്സി നാലാമത്

Published

|

Last Updated

മോസ്‌കോ: ഇത്തവണ റഷ്യയില്‍ പന്ത് തട്ടാനെത്തുന്ന താരങ്ങളില്‍ ഏറ്റവും മൂല്യം ആര്‍ക്കാണ്? മെസ്സി, റൊണാള്‍ഡോ, നെയ്മര്‍… ഉത്തരം ചാടിയെത്തും. പക്ഷേ, തെറ്റാണ്. ഇംഗ്ലണ്ട് നായകന്‍ ഹാരി കെയ്ന്‍ എന്നാണ് ശരിയായ ഉത്തരം. അന്താരാഷ്ട്ര കായിക പഠന കേന്ദ്രത്തിന്റെ (സി ഐ ഇ എസ്) ഫുട്‌ബോള്‍ നിരീക്ഷണ വിഭാഗം തയ്യാറാക്കിയ കണക്ക് പ്രകാരം 201.2 ദശലക്ഷം യൂറോ (ഏകദേശം 1,600 കോടി രൂപ) ആണ് ഇംഗ്ലീഷ് ക്ലബായ ടോട്ടന്‍ഹാമിന്റെ കളിക്കാരനായ ഹാരി കെയ്‌നിന്റെ താരമൂല്യം. ഈ താരമൂല്യം കണക്കാക്കുന്നതിന് സി ഐ ഇ എസിന് നിരവധി മാനദണ്ഡങ്ങളുണ്ട്. വയസ്സ്, അടിച്ച ഗോളുകളുടെ എണ്ണം, ക്ലബ് ഫലം, ലീഗ് മത്സരങ്ങള്‍ എന്നിവ അവയില്‍ ചിലത് മാത്രം.

ക്ലബ് ഫുട്‌ബോളില്‍ കളിച്ച് തിളങ്ങിയ കെയ്ന്‍ 2010ലാണ് അണ്ടര്‍ 17 ഇംഗ്ലണ്ട് ടീമിലെത്തുന്നത്. അണ്ടര്‍ 19, അണ്ടര്‍ 20, അണ്ടര്‍ 21 യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചു. പിതാവിന്റെ പൗരത്വം വഴി അയര്‍ലന്‍ഡ് ദേശീയ സീനിയര്‍ ടീമില്‍ കളിക്കാമായിരുന്നിട്ടും ഇംഗ്ലണ്ടിന്റെ ജേഴ്‌സിയണിയാനായിരുന്നു അദ്ദേഹത്തിനിഷ്ടം. 2017 ജൂണില്‍ കെയ്ന്‍ ഇംഗ്ലണ്ട് ദേശീയ സീനിയര്‍ ടീമിന്റെ ക്യാപ്റ്റനായി. ആ വര്‍ഷം ഒക്‌ടോബറില്‍ സ്ലോവേനിയക്കെതിരെ കെയ്‌നിന്റെ ഒറ്റ ഗോളിലൂടെ നേടിയ വിജയമാണ് ഇംഗ്ലണ്ടിനെ റഷ്യയിലേക്ക് യോഗ്യരാക്കിയത്. യോഗ്യതാ മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് കെയ്‌നിന്റെ സമ്പാദ്യം.

അത് ശരി! ഹാരി കെയ്ന്‍ കഴിഞ്ഞാലാരാണ് മൂല്യമേറിയ താരം? മറ്റാരുമല്ല, ബ്രസീലിയന്‍ മാന്ത്രികന്‍ നെയ്മര്‍. 197.5 ദശലക്ഷം യൂറോ ആണ് നെയ്മറുടെ താരമൂല്യം. 186.5 ദശലക്ഷം യൂറോ താരമൂല്യമുള്ള ഫ്രാന്‍സിന്റെ കൈലിയന്‍ എംബാപ്പെയാണ് പട്ടികയില്‍ മൂന്നാമത്. ഈ മൂവര്‍ക്കും താഴെയാണ് മെസ്സിയെയും റൊണാള്‍ഡോവിനെയും മറ്റും സി ഐ ഇ എസ് പട്ടികപ്പെടുത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ താരമൂല്യം 184.2 ദശലക്ഷം യൂറോ ആണ്. അഞ്ചാം സ്ഥാനത്തുള്ളത് ഈജിപ്തിന്റെ മുഹമ്മദ് സാലയാണ്. 171.3 ദശലക്ഷം കോടി യൂറോയാണ് ഈ 25കാരന്റെ വില. ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെലെ അലിയാണ് ആറാം സ്ഥാനത്ത്- മൂല്യം 171 ദശലക്ഷം യൂറോ. ബെല്‍ജിയം മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡെ ബ്രൂണെ (167.2), ഫ്രഞ്ച് ഫോര്‍വേഡ് അന്റോണിയോ ഗ്രീസ്മാന്‍ (164.5), അര്‍ജന്റീനയുടെ ഫോര്‍വേഡ് പൗലോ ഡിബാല (164.2), ബെല്‍ജിയത്തിന്റെ ലുകാകു (163.4) എന്നിവരാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് വിലയേറിയ താരങ്ങള്‍.

പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ താരമൂല്യം കണക്കാക്കിയിരിക്കുന്നത് 1034 ദശലക്ഷം യൂറോ മാത്രമാണ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 24ാമതാണ് റൊണാള്‍ഡോയുടെ മൂല്യക്കസേര. ഈ പട്ടികയില്‍ ഏറ്റവും പ്രായമേറിയ താരം എന്ന വിശേഷണം 33കാരനായ റൊണാള്‍ഡോക്കാണ്. പോള്‍ പോഗ്ബ (144.9), ലൂയിസ് സുവാരസ് (120.4) എന്നിവര്‍ക്ക് പിന്നിലാണ് റൊണാള്‍ഡോയുടെ സ്ഥാനം. താരമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഈ നൂറംഗ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കളിക്കാരുള്ളത് (16 പേര്‍) ഫ്രാന്‍സ് ടീമില്‍ നിന്നാണ്.

ഇനി താരങ്ങളുടെ കളിക്കളത്തിലെ പൊസിഷന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പട്ടികയില്‍ മൂല്യമേറിയ താരങ്ങള്‍ ഇവരാണ്: എഡേഴ്‌സണ്‍ മോറേസ്- ബ്രസീല്‍ (ഗോള്‍കീപ്പര്‍- 104.3 ദശലക്ഷം യൂറോ), സാമുവല്‍ ഉമിടിടി- ഫ്രാന്‍സ് (സെന്റര്‍ ബാക്ക്- 111.5), കൈല്‍ വാക്കര്‍- ഇംഗ്ലണ്ട് (ഫുള്‍ ബാക്ക്- 89.8), സോള്‍ നിഗ്വെസ്- സ്‌പെയിന്‍ (ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍- 100.5), കെവിന്‍ ഡി ബ്രൂണേ- ബെല്‍ജിയം (ബോക്‌സ് ടു ബോക്‌സ് മിഡ്ഫീല്‍ഡര്‍- 167.2), ഡെലെ അലി- ഇംഗ്ലണ്ട് (അറ്റാക്കിംഗ് മിഡ്ഫീല്‍ഡര്‍- 171), നെയ്മര്‍- ബ്രസീല്‍ (വിംഗര്‍- 197.5), ഹാരി കെയ്ന്‍- ഇംഗ്ലണ്ട് (സെന്റര്‍ ഫോര്‍വേഡ്- 201.2).