Connect with us

Gulf

യു എ ഇയിലും വിദേശത്തും കുടിവെള്ള വിതരണം; 'സൂഖിയ സായിദ്' സംരംഭത്തിന് തുടക്കം

Published

|

Last Updated

സൂഖിയ വളണ്ടിയര്‍മാര്‍ കുടിവെള്ള കുപ്പികള്‍ വിതരണം ചെയ്യുന്നു

ദുബൈ: മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യേറ്റീവിന്റെ കീഴിലുള്ള യു എ ഇ വാട്ടര്‍ എയ്ഡ് ഫൗണ്ടേഷന്‍ (സൂഖിയ) “സൂഖിയ സായിദ്” സംരംഭത്തിന് തുടക്കം കുറിച്ചു. യു എ ഇയിലും വിദേശത്തും ഇഫ്താറിനും മസ്ജിദുകളിലും ടെന്റുകളിലും കുടിവെള്ളം എത്തിച്ചുനല്‍കുന്ന പദ്ധതിയാണിത്. സംരംഭത്തോടനുബന്ധിച്ച് ജല ദൗര്‍ലഭ്യത്തിന്റെയും ജല സൂക്ഷ്മ വിനിയോഗം സംബന്ധിച്ചുള്ള ബോധവത്കരണ ക്യാമ്പയിനും തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദാഹജലം കിട്ടാതെ വലയുന്നവര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനും ക്യാമ്പയിന്‍ ആവശ്യപ്പെടുന്നു. വിദ്യാഭ്യാസം, ജോലി, കുട്ടികളെയും കുടുംബങ്ങളെയും സംരക്ഷിക്കുന്നതു പോലെ തന്നെയാണ് കുടിവെള്ളത്തിന്റെ ലഭ്യതയുമെന്നും ക്യാമ്പയിന്‍ മുന്നോട്ടുവെക്കുന്നു. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് സൂഖിയ സംരംഭത്തിന് തുടക്കം കുറിച്ചത്.

മെയ് ദുബൈ കുടിവെള്ള കമ്പനിയുമായി സഹകരിച്ചാണ് യു എ ഇയില്‍ പദ്ധതി നടപ്പാക്കുന്നത്. 14 ജീവകാരുണ്യ സംഘടനകളും പിന്തുണ നല്‍കിയിട്ടുണ്ട്. 80 ലക്ഷം വാട്ടര്‍ കപ്പുകളാണ് വിതരണം ചെയ്യുന്നത്. മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ എസ്റ്റാബ്ലിഷ്‌മെന്റുമായി ചേര്‍ന്ന് 13 രാജ്യങ്ങളിലേക്ക് കൂടി പദ്ധതി അടുത്തു തന്നെ വ്യാപിപ്പിക്കും. ഉഗാണ്ട, ചാഡ്, ഈജിപ്ത്, ബ്രസീല്‍, കാനഡ, അമേരിക്ക, ഫലസ്തീന്‍, ടുണീഷ്യ, ജോര്‍ദാന്‍, ഉക്രൈന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലാണ് കുടിവെള്ളം വിതരണം ചെയ്യുക.

സൂഖിയ പദ്ധതികളുടെ പ്രയോജനം അധികം വൈകാതെ തന്നെ 25 രാജ്യങ്ങളിലെ 80 ലക്ഷത്തിലധികം ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് ആക്ടിംഗ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ കരീം അല്‍ ശംസി പറഞ്ഞു.