ഛേത്രിക്ക് ഡബിള്‍; ഇന്ത്യ 3-0ന് കെനിയയെ വീഴ്ത്തി

Posted on: June 5, 2018 6:25 am | Last updated: June 5, 2018 at 12:48 am
ഛേത്രി പെനാല്‍റ്റി ഗോള്‍ നേടുന്നു

ന്യൂഡല്‍ഹി: നൂറാം രാജ്യാന്തര മത്സരം ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് അവിസ്മരണീയമാക്കി. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പില്‍ കെനിയയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയപ്പോള്‍ ഛേത്രി ഡബിള്‍ നേടിക്കൊണ്ട് തിളങ്ങി. ജെജെ ലാല്‍പെഖുലയാണ് മറ്റൊരു സ്‌കോറര്‍. ടൂര്‍ണമെന്റിലെ ആദ്യ മത്സരം ഛേത്രിയുടെ ഹാട്രിക്ക് മികവില്‍ 5-0ന് ഇന്ത്യ ജയിച്ചിരുന്നു.

രണ്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകള്‍ നേടിയ ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ 61 ഗോളുകള്‍ സ്വന്തമാക്കി. മൂന്ന് ഗോളുകള്‍ കൂടി നേടിയാല്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്കൊപ്പമെത്താം.

മത്സരത്തിലെ ആദ്യ ഗോള്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു. ജെജെയിലൂടെ ഇന്ത്യ രണ്ടാം ഗോള്‍ നേ ടി. ഇതോടെ, മത്സരം വരുതിയിലായി. ഛേത്രിയുടെ രണ്ടാം ഗോള്‍ കാണികളെ ഹരം കൊള്ളിക്കുന്നതായിരുന്നു.

ഹാഫില്‍ നിന്ന് ലഭിച്ച പന്തുമായി കുതിച്ച ഛേത്രി ഇതിഹാസ താരം മെസിയെ അനുസ്മരിപ്പിക്കും വിധം പന്ത് ഗോളിക്ക് മുകളിലൂടെ ചിപ് ചെയ്ത് വലക്കുള്ളിലാക്കി.
ഇന്ത്യയുടെ അടുത്ത മത്സരം വ്യാഴാഴ്ച ന്യൂസിലാന്‍ഡിനെതിരെ.

ഛേത്രി അഭ്യര്‍ഥിച്ചു, കാണികള്‍ എത്തി !

ഫുട്‌ബോള്‍ മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റ് പോകാതെ കെട്ടിക്കിടക്കുകയായിരുന്നു. ഛേത്രി സോഷ്യല്‍മീഡിയയിലൂടെ ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകരോട് ഗ്യാലറി നിറയ്ക്കാന്‍ അഭ്യര്‍ഥിച്ചതോടെ കഥ മാറി. എല്ലാം ചൂടപ്പം പോലെ വിറ്റു പോയി. സ്‌റ്റേഡിയം നിറഞ്ഞു.

മോശം പ്രകടനത്തിന്റെ പേരില്‍ വിമര്‍ശിക്കുകയോ അസഭ്യം പറയുകയോ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. പക്ഷേ, സ്റ്റേഡിയത്തില്‍ വന്ന് ഒരു തവണയെങ്കിലും കളി കാണൂ എന്നായിരുന്നു ഛേത്രിയുടെ അപേക്ഷ. കഴിഞ്ഞ ദിവസം ചൈനീസ് തായ്‌പേയിക്കെതിരായ മത്സരത്തിന് കാണികളില്ലാത്തത് ഛേത്രിയെ നിരാശപ്പെടുത്തിയിരുന്നു. ഇതാണ് ഇങ്ങനെയൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

കാശ് ചെലവഴിച്ചവര്‍ക്ക് വേണ്ടി ഛേത്രി ഇരട്ട ഗോളുകള്‍ നേടിക്കൊണ്ട് ഗംഭീര വിരുന്നൊരുക്കുകയും ചെയ്തു.