ജീവകാരുണ്യത്തിന്റെ മഹാപ്രകാശം

റമസാന്‍ 19: ശൈഖ് സായിദ് വഫാത് ദിനം
Posted on: June 4, 2018 10:54 pm | Last updated: June 4, 2018 at 10:55 pm
SHARE
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍

കഠിന പ്രയത്‌നത്തിലൂടെയും മാനവ സ്‌നേഹത്തിലൂടെയും യു എ ഇയെ ദൃഢമാക്കിയ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ വഫാത് ദിനം ഇന്ന്. റമസാന്‍ 19നാണ് ജീവകാരുണ്യത്തിന്റെയും പ്രജാസ്‌നേഹത്തിന്റെയും മഹാപ്രകാശം പൊലിഞ്ഞത്. ആ പ്രകാശം പ്രസരിപ്പിച്ച വെളിച്ചം യു എ ഇയിലെ സ്വദേശി, വിദേശികള്‍ക്കിടയില്‍ ലോകാവസാനം വരെ കെടാതെ നില്‍ക്കും.

ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം 2004 നവംബര്‍ രണ്ടിനാണ് ചരമദിനം. എന്നാല്‍, റമസാന്‍ 19നാണ്, ശൈഖ് സായിദിന്റെ സ്മരണയെ ജ്വലിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ ജീവകാരുണ്യ പരിപാടികള്‍ യു എ ഇ സംഘടിപ്പിക്കുന്നത്. ശൈഖ് സായിദിന്റെ നൂറാം ജന്മ വാര്‍ഷികമായ ഈ വര്‍ഷം രാജ്യം സായിദ് വര്‍ഷാചരണം നടത്തുകയാണ്.

നിലവില്‍, ലോകത്തിന്റെ കണ്ണീരൊപ്പാന്‍ സഹായം എത്തിക്കുന്നതില്‍ യു എ ഇ മുന്‍നിരയിലാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ശൈഖ് സായിദ് വഫാത് ദിനത്തോടനുബന്ധിച്ച് നടക്കും. മൂന്നര പതിറ്റാണ്ടിനിടയില്‍ യു എ ഇ മില്യണ്‍ കണക്കിന് ദിര്‍ഹത്തിന്റെ സഹായം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചിട്ടുണ്ട്.

ഇത്തരം ജീവകാരുണ്യങ്ങളുടെ മാര്‍ഗദര്‍ശി ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനാണ്. ലോകത്ത് സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെടുന്ന, മനുഷ്യരുടെ തേങ്ങലുകള്‍ ശൈഖ് സായിദിന്റെ കരളയിച്ചിരുന്നു. എണ്ണ വരുമാനത്തിന്റെ വലിയ പങ്ക് ദാനം ചെയ്യാന്‍ തുടങ്ങിയത് അങ്ങിനെയാണ്.

ശൈഖ് സായിദ് സ്ഥാപിച്ച അടിത്തറയാണ് യു എ ഇയുടെ പ്രയാണത്തിന് ഹേതു. ഒരേ സംസ്‌കാരം പേറുമ്പോഴും ട്രൂഷ്യല്‍ സ്‌റ്റേറ്റുകളുടെ കീഴില്‍ വേറിട്ടുനിന്നിരുന്ന ജനതയെ ഒന്നിപ്പിക്കാന്‍ ശൈഖ് സായിദ് മുന്‍കൈയെടുക്കുകയാണ് ആദ്യം ചെയ്തത്. അന്നത്തെ ദുബൈ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെ അകമഴിഞ്ഞ പിന്തുണ ശൈഖ് സായിദിന് ലഭിച്ചു.

യു എ ഇ രൂപവത്കൃതമായ ശേഷം ശൈഖ് സായിദ് ഈ രാജ്യത്തിനു വേണ്ടി വിശ്രമമില്ലാതെ അധ്വാനിച്ചു. അടിസ്ഥാന സൗകര്യ വികസനമായിരുന്നു പ്രധാന വെല്ലുവളി. മികച്ച റോഡുകളും പാലങ്ങളും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും യു എ ഇക്ക് അനിവാര്യമായിരുന്നു. എണ്ണ വരുമാനം ഉണ്ടെങ്കിലും മനുഷ്യവിഭവശേഷി ഇല്ലായിരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദഗ്ധരെയും അവിദഗ്ധരെയും യു എ ഇയിലെത്തിക്കാന്‍ വാതില്‍ തുറന്നു. നന്മയെയും അധ്വാനത്തെയും അംഗീകരിക്കാന്‍ ശൈഖ് സായിദ് തയ്യാറായി.

ലോകം കണ്ട ഭരണാധികാരികളില്‍ ഏറ്റവും കാരുണ്യമുള്ളയാളാണ് ശൈഖ് സായിദെന്ന് നിസംശയം പറയാനാകും. സ്വദേശിയെന്നോ വിദേശിയെന്നോ വേര്‍തിരിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല.

പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ട്, അര്‍ഥമില്ലാത്ത അഭിനന്ദനങ്ങള്‍ നേടാന്‍ ശ്രമിക്കാതെ പ്രവര്‍ത്തനപഥത്തില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത ധിഷണാശാലി. പ്രകടനപരതയുടെ ശബ്ദഘോഷങ്ങളില്‍ നിന്നും സൂക്ഷ്മമായ അകലം പാലിച്ചു. എത്രമാത്രം അര്‍ഥവത്തായിരുന്നു അതെന്ന് ഓര്‍ക്കുക.
ഒരിക്കല്‍പോലും നേരില്‍ കണ്ടിട്ടില്ലാത്തവരും അദ്ദേഹത്തെ മാനസകൊട്ടാരത്തില്‍ ഉന്നതിയില്‍ പ്രതിഷ്ഠിച്ചു. ആശ്വാസത്തിന്റെ താങ്ങായി, വാത്സല്യത്തിന്റെ തലോടലായി, അദൃശ്യമായ അഭയമായി, കാലം അത്യപൂര്‍വം കാട്ടിത്തരുന്ന അതൃപ്പങ്ങളില്‍ ഒന്നായി.

മുത്തുവാരിയും മീന്‍പിടിച്ചും ഒട്ടകങ്ങളെ വളര്‍ത്തിയും കഴിഞ്ഞിരുന്ന ജനതക്ക് ആധുനിക ലോകത്തിന്റെ കിളിവാതില്‍ പണിതത് ശൈഖ് സായിദാണ്. വിവിധ പ്രവിശ്യകളില്‍ ഭരണാധികാരിയായിരിക്കുമ്പോഴും മരുഭൂമിയിലൂടെ നിരന്തരം സഞ്ചരിച്ചതിന്റെയും മറ്റു രാജ്യങ്ങളുടെ വളര്‍ച്ചയെ കണ്ണുതുറന്ന് നോക്കിയതിന്റെയും ഫലമായി ശൈഖ് സായിദ് മഹാജ്ഞാനിയായി മാറിയിരുന്നു. 1946ല്‍ അബുദാബി ഭരിച്ച ശൈഖ് ശഖ്ബൂത്തിന്റെ പ്രതിനിധിയായി അല്‍ ഐന്‍ പ്രവിശ്യയിലാണ് ആദ്യം ഭരണാധികാരമേറ്റത്. അന്ന് അബുദാബിയോ അല്‍ ഐനോ എണ്ണ സമ്പന്നമായിരുന്നില്ല.
1958ലാണ് അബുദാബിയില്‍ എണ്ണ കണ്ടെത്തുന്നത്. അതോടെ, ശൈഖ് സായിദിന്റെ വിശാല സ്വപ്‌നങ്ങള്‍ പൂവണിയാനുള്ള ഉപാധിയായി.

‘എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. നമ്മുടെ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍. പുരോഗതി കൈവരിച്ച നാടുകളെപ്പോലെ, എന്റെ നാടും ഉയരണം. കനവുകള്‍ സാക്ഷാത്കരിക്കാനുള്ള ആയുധം എന്റെ കൈയിലില്ലായിരുന്നു. എങ്കിലും എനിക്ക് ഉറപ്പുണ്ടായിരുന്ന. ഒരിക്കല്‍ അഭിലാഷങ്ങള്‍ പൂവണിയുമെന്ന്’ശൈഖ് സായിദ് പറഞ്ഞു.

1971ല്‍ യു എ ഇ രൂപവത്കരിക്കാന്‍ ശൈഖ് സായിദ് മുന്നിട്ടിറങ്ങിയത് കുറേക്കൂടി വിശാലമായ വികസന പരിപ്രേക്ഷ്യത്തിന്റെ ഭാഗമായാണ്. അറബ് ജനതയുടെ മുന്നേറ്റമാണ് ശൈഖ് സായിദ് അതിലൂടെ സ്വപ്‌നം കണ്ടത്.

ശൈഖ് സായിദിന്റെ വിയോഗവാര്‍ത്ത യു എ ഇ ജനതക്ക് താങ്ങാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം വിഭാവനം ചെയ്ത ഗ്രാന്‍ഡ് മസ്ജിദിലേക്ക്, ഭൗതിക ശരീരം കൊണ്ടുപോകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ കിലോമീറ്ററുകള്‍ താണ്ടി ഒരുനോക്ക് കാണാന്‍ എത്തിയിരുന്നു. ആരെങ്കിലും ആഹ്വാനം ചെയ്തിട്ടല്ലായിരുന്നു ആ ബഹുമാന പ്രകടനം. ഒരോരുത്തരുടെയും മനസില്‍ ശൈഖ് സായിദ് സ്‌നേഹത്തിന്റെ ഇരിപ്പിടം അത്രമാത്രം ഉറപ്പിച്ചിരുന്നു.

വിശുദ്ധ ഖുര്‍ആന്റെ പാരായണം കൊണ്ട് മുഖരിതമായ ഇവിടേക്ക് ലോക ഭരണാധികാരികള്‍ അടക്കം പ്രവഹിക്കുന്നത് ആ സ്‌നേഹം മനസില്‍ സൂക്ഷിക്കുന്നത് കൊണ്ടാണ്.

ഒരു മില്യണ്‍ ഫാതിഹ: ഐ സി എഫ് പങ്കാളിത്തം വഹിക്കും

യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താല്‍ അല്‍ നഹ് യാന്റെ സ്മരണ പുതുക്കി നടക്കുന്ന പരിപാടികളുടെ ഭാഗമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അബുദാബി നാഷനല്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ പ്രഖ്യാപിച്ച ശൈഖ് സായിദിന്റെ പേരില്‍ ഒരു മില്യണ്‍ ഫാതിഹ ഹദിയ ചെയ്യുന്ന പദ്ധതി വിജയിപ്പിക്കുന്നതിന് ഐ സി എഫ് നാഷനല്‍ കമ്മിറ്റി തീരുമാനിച്ചു. പ്രാര്‍ഥനക്കും ഖുര്‍ ആന്‍ പാരായണത്തിനും പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന വിശുദ്ധ റമളാനില്‍ നാം വസിക്കുന്ന രാജ്യത്തോടും ഭരണാധികാരികളോടുള്ള സ്‌നേഹവും ബഹുമാനവും കടപ്പാടും പ്രകടിപ്പിക്കുന്നതിന്നായി ഐ സി എഫ് ഘടകങ്ങളുടെയും പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തുടര്‍ പ്രവര്‍ത്തനം നടത്തും.

ശൈഖ് സായിദിന്റെ വഫാത് ദിനമായ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടത്താന്‍ നാഷനല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട് അഭ്യര്‍ഥിച്ചു.
ഒരു മില്യണ്‍ ഫാതിഹ പദ്ധതി പ്രഖ്യാപനത്തിന് യു എ ഇയിലെ പ്രാദേശിക മാധ്യമങ്ങളില്‍ വലിയ പ്രാധാന്യമാണ് ലഭിച്ചത്.

ശൈഖ് സായിദ്; പ്രകൃതിയുടെ കാവലാള്‍

ദുബൈ: ദൃഢതയും സാമ്പത്തിക സുസ്ഥിരതയുമുള്ള രാജ്യമായി യു എ ഇയെ നയിക്കുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലൂടെ പ്രകൃതിയുടെ സുസ്ഥിരത നിലനിര്‍ത്തുന്നതിലും സാമൂഹിക ഉത്തരവാദിത്വം നടപ്പിലാക്കുന്നതിലൂടെ മാതൃകയായ നേതാവാണ് രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെന്ന് ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എം ഡിയും സി ഇ ഒയുമായ സഈദ് മുഹമ്മദ് അല്‍ തായര്‍ പറഞ്ഞു. സായിദ് ജീവകാരുണ്യദിന സന്ദേശത്തിലാണ് അല്‍ തായര്‍ ഇക്കാര്യം പറഞ്ഞത്.

നന്മ നിറഞ്ഞ ഹൃദയത്തിന്റെയും വൈവിധ്യ സംസ്‌കാരങ്ങളെ സ്വീകരിക്കുകയും ചെയ്ത മനസ്സിന്റെയും ഉടമയാണ്. അവശതയനുഭവിക്കുന്നവരുടെ കൈ പിടിക്കുകയും വിശക്കുന്നവന് അന്നം നല്‍കുകയും അനാഥന്റെ കണ്ണീരൊപ്പുകയും ചെയ്ത മഹാമനീഷിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here