രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും തടുക്കാനാവില്ല: തേജസ്വി യാദവ്

Posted on: June 4, 2018 12:30 pm | Last updated: June 4, 2018 at 12:30 pm
SHARE

പട്‌ന: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അതിനെ തടുക്കാനാകില്ലെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഇപ്പോള്‍ പ്രാപ്തനാണ്. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയല്ല അദ്ദേഹം. കഠിനമായ ചോദ്യങ്ങള്‍ അഭിമുഖീകരിച്ച് മുന്നോട്ട് വന്ന ആളാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പണാധിപത്യത്തെ രാഹുല്‍ ആട്ടിയോടിച്ചു. രാഹുല്‍ ഗാന്ധി പോകുന്നിടത്തെല്ലാം ബി.ജെ.പി നരേന്ദ്ര മോദിയേയും അമിത് ഷായേയും എത്തിച്ച് പ്രചരണം നടത്തുകയാണ്. എന്തിനാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ ഇത്ര പേടിക്കുന്നതെന്നും തേജസ്വി ചോദിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി യാദവ് രാഹുലിനെ വാനോളം പുകഴ്ത്തിയത്.

ലാലു പ്രസാദ് യാദവിന്റെ ഇളയ മകനാണ് തേജസ്വി. മഹാസഖ്യ മന്ത്രിസഭയില്‍ ഉപ മുഖ്യമന്ത്രിയായിരുന്ന ഇദ്ദേഹം. ജോകിഹാത് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടിയിരുന്നു. മഹാസഖ്യം പൊളിച്ച് ബി ജെ പിക്കൊപ്പം പോയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നയിക്കുന്ന ജെ ഡി യുവിന്റെ സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചാണ് ആര്‍ ജെ ഡി ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചത്.