കെവിന്‍ ജോസഫിന്റെത് മുങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: June 2, 2018 10:25 pm | Last updated: June 3, 2018 at 10:21 am

കോട്ടയം: കെവിന്‍ ജോസഫ് മുങ്ങിമരിച്ചതു തന്നെയെന്ന് ഇടക്കാല പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കെവിന്റെ ശരീരത്തില്‍ 14 മുറിവുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇതൊന്നും മരണകാരണമാകുന്ന മുറിവല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്ന ശേഷമേ അന്തിമ റിപ്പോര്‍ട്ട് ലഭിക്കുകയുള്ളൂ. മുങ്ങിമരണം സ്ഥിരീകരിക്കുന്നതിനായി കെവിന്റെ ശ്വാസകോശത്തിലെ വെള്ളവും തോട്ടിലെ വെള്ളവും പരിശോധിക്കുകയും ചെയ്തിരുന്നു.

അനീഷിന്റെ വീട്ടില്‍ നിന്ന് കെവിനെ ഷാനു ചാക്കോയും സംഘവും തട്ടിക്കൊണ്ടുപോകുകയും വഴിയില്‍ ചാടിരക്ഷപ്പെട്ട കെവിന്‍ പ്രാണരക്ഷാര്‍ഥം ഓടി ആറില്‍ വീഴുകയുമാണ് ഉണ്ടായതെന്ന സംശയം പോലീസും ഉന്നയിക്കുന്നുണ്ട്. അടികൊണ്ട് അബോധാവസ്ഥയിലായ കെവിനെ മരിച്ചുവെന്ന് കരുതി ആറില്‍ തള്ളിയതാകാനുള്ള സാധ്യതയും പോലീസ് പരിശോധിച്ചുവരികയാണ്.