മേഘാലയയില്‍ കോണ്‍ഗ്രസ് വലിയ ഒറ്റക്കക്ഷി

Posted on: June 1, 2018 6:09 am | Last updated: May 31, 2018 at 11:21 pm
SHARE
മിയാനി ഡി ഷിറാ

ഷില്ലോംഗ്: ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലത്തില്‍ വിജയിച്ചതോടെ മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. അപാംതി സീറ്റില്‍ 3,191 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിയാനി ഡി ഷിറാ വിജയിച്ചത്. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസ് അംഗബലം 21 ആയി. നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 20 സീറ്റാണ് ഉള്ളത്.

മുന്‍ മുഖ്യമന്ത്രി മുകുള്‍ എം സാംഗ്മ രണ്ടിടത്ത് മത്സരിച്ച് സോംഗ്‌സാക് മണ്ഡലം നിലനിര്‍ത്തിയതോടെയാണ് ഇവിടെ തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. അദ്ദേഹത്തിന്റെ 27കാരിയായ മകള്‍ മിയാനി ഡി ഷിറായാണ് കോണ്‍ഗ്രസിന് വേണ്ടി സീറ്റ് നിലനിര്‍ത്തിയത്. ഷിറാ 14,259 വോട്ട് നേടിയപ്പോള്‍ തൊട്ടടുത്ത എതിരാളി എന്‍ പി പിയിലെ ക്ലമന്റ് ജി മോമിന്‍ 11,068 വോട്ട് നേടി. സ്വതന്ത്ര സ്ഥാനാര്‍ഥി 360 വോട്ട് മാത്രമാണ് നേടിയത്. 90.42 ആയിരുന്നു വോട്ടിംഗ് ശതമാനം. 60 അംഗ നിയമസഭയില്‍ 20 സീറ്റുകളോടെ കോണ്‍ഗ്രസും എന്‍ പി പിയും തുല്യ ശക്തിയായി നില്‍ക്കുകയായിരുന്നു. എന്‍ പി പിക്ക് പിന്തുണ കൊടുത്ത് ബി ജെ പിയും ചെറു കക്ഷികളും അധികാരത്തില്‍ പങ്കാളിയായതോടെയാണ് നിലവിലെ സര്‍ക്കാര്‍ സാധ്യമായത്.

യുനൈറ്റഡ് ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് സഭയില്‍ ആറ് സീറ്റുണ്ട്. പീപ്പിള്‍ ഡെമോക്രാറ്റിക് ഫ്രണ്ടിന് നാലും ബി ജെ പിക്കും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് പാര്‍ട്ടിക്കും രണ്ട് വീതവും സീറ്റുണ്ട്. സഭയില്‍ മൂന്ന് സ്വതന്ത്രന്‍മാരാണ് ഉള്ളത്. പുതിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കാം.