Connect with us

Editorial

പിണറായി സര്‍ക്കാറിന് കരുത്തുപകരുന്ന ഫലം

Published

|

Last Updated

രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നതാണ് ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന്റെ തകര്‍പ്പന്‍ വിജയം. ഇടതുമുന്നണിയുടെ കണക്കു കൂട്ടലുകളെ പോലും തെറ്റിച്ചു കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടിയോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സ്ഥാനാര്‍ഥി ഡി വിജയകുമാറിനെ സജി ചെറിയാന്‍ തറപറ്റിച്ചത്. 2016-ലെ 7983ന്റെ ഭൂരിപക്ഷം ഇത്തവണ 20,956 ആയി ഉയര്‍ന്നു. പരമ്പരാഗത യു ഡി എഫ് മണ്ഡലമായ ചെങ്ങന്നൂരിലെ ആറ് പതിറ്റാണ്ടിനിടയിലെ ഇടതു മുന്നണിയുടെ ഏറ്റവും മികച്ച വിജയമാണിത്. തപാല്‍ വോട്ടില്‍ വ്യക്തമായ ലീഡ് നേടിയ സജി ചെറിയാന്‍ അവസാനം വരെ അത് നിലനിര്‍ത്തിയെന്ന് മാത്രമല്ല, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ആധിപത്യം സ്ഥാപിച്ച മാന്നാര്‍, പാണ്ടിനാട് പഞ്ചായത്തുകളിലും മികച്ച ഭൂരിപക്ഷം നേടുകയുണ്ടായി. എല്‍ ഡി എഫ് 66,861, യു ഡി എഫ് 46,084, ബി ജെ പി 35,084 എന്നിങ്ങനെയാണ് വോട്ട് നില. കഴിഞ്ഞ തവണ ഇത് യഥാക്രമം 52,880-ഉം 44,897-ഉം 42,682-ഉം ആയിരുന്നു.
സജി ചെറിയാനുമായി ഭൂരിപക്ഷത്തില്‍ ഏറെ പിന്നോട്ട് പോയെങ്കിലും പി സി വിഷ്ണുനാഥിന് കഴിഞ്ഞ തവണ കിട്ടിയ വോട്ടിനേക്കാള്‍ കൂടുതല്‍ നേടാന്‍ സാധിച്ചത് യു ഡി എഫിന് ആശ്വാസത്തിന് വകയാണെന്ന് പറയാം. കഴിഞ്ഞ തവണത്തെ 44,897 വോട്ട് ഇത്തവണ 46,347 ആയി ഉയര്‍ത്തിയിട്ടുണ്ട് യു ഡി എഫ്. 1450 വോട്ടിന്റെ വര്‍ധന. അതേസമയം പോളിംഗ് ശതമാനം കൂടിയതും വോട്ടര്‍മാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവും എന്തുകൊണ്ട് യു ഡി എഫ് സ്ഥാനാര്‍ഥിയുടെ വോട്ട് നിലയില്‍ പ്രതിഫലിച്ചില്ലെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം ഉത്തരം കണ്ടെത്തേണ്ടി വരും.

കെ എം മാണിക്ക് വന്‍തിരിച്ചടിയാണ് ചെങ്ങന്നൂര്‍ ഫലം. ഒരു കാലത്ത് മണ്ഡലത്തില്‍ ഒറ്റക്ക് മത്സരിച്ചു ജയിച്ച കേരള കോണ്‍ഗ്രിന്റെ ശക്തി ഗണ്യമായി ക്ഷയിച്ചിട്ടുണ്ടെന്നാണ് ഇടത് വിജയം നല്‍കുന്ന സൂചന. യു ഡി എഫ് വിട്ടശേഷം ഇടതുമുന്നണി പ്രവേശനത്തിന് ശ്രമം നടത്തി വന്ന മാണി, ചെങ്ങന്നൂരില്‍ നിഷ്പക്ഷത പാലിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ലീഗ് നേതാക്കളുടെ പ്രലോഭനത്തെ തുടര്‍ന്നാണ് അവസാന ഘട്ടത്തില്‍ വിജയകുമാറിന് പിന്തുണ പ്രഖ്യാപിച്ചത്. യു ഡി എഫിന് അതൊരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല കേരള കോണ്‍ഗ്രസിന്റെ “സ്വാധീനം” വ്യക്തമാക്കുകയും ചെയ്തു. കേരള കോണ്‍ഗ്രസ് ഭരിക്കുന്ന തിരവണ്ടുര്‍ പഞ്ചായത്തില്‍ യു ഡി എഫ് മൂന്നാം സ്ഥാനത്തായത് പാര്‍ട്ടിക്ക് ഏറെ നാണക്കേടായിട്ടുണ്ട്.

അടുത്ത വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒരു പ്രതിനിധിയെ എങ്കിലും പാര്‍ലിമെന്റിലെത്തിക്കുമെന്ന് ആണയിടുന്ന ബി ജെ പി നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ് ശ്രീധരന്‍ പിള്ളയുടെ വോട്ടില്‍ സംഭവിച്ച ഭീമമായ ചോര്‍ച്ച. കഴിഞ്ഞ തവണയും പിള്ളയായിരുന്നു മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി. അന്ന് 42,682 വോട്ട് നേടി പോള്‍ ചെയ്ത വോട്ടിന്റെ 29.33 ശതമാനം നേടിയ പിള്ള മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. 1987 മുതലുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച ബി ജെ പിക്ക് 2011 വരെ 3.79 മുതല്‍ 13.33 ശതമാനം വോട്ട് വരെയാണ് നേടാനായിരുന്നത്. കുമ്മനം രാജശേഖരന്റെ പേരായിരുന്നു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി ബി ജെ പി കേന്ദ്രങ്ങളില്‍ നിന്ന് ആദ്യം ഉയര്‍ന്നു കേട്ടത്. എന്നാല്‍ വോട്ട് കുറയാനിടയുണ്ടെന്ന ആശങ്കയാലാണ് പാര്‍ട്ടി വൃത്തങ്ങള്‍ക്കപ്പുറം പൊതുസമ്മതനായ ശ്രീധരന്‍ പിള്ളയെ തന്നെ നിര്‍ത്താന്‍ കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്. അത് പക്ഷേ ഇത്തവണ ഫലം ചെയ്തില്ല. ബി ജെ പിക്ക് ദേശീയ തലത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന ജനപിന്തുണയുടെ തുടര്‍ച്ചയായി വേണം ഇതിനെ കാണാന്‍.

മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിച്ച ഇടതു സര്‍ക്കാറിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതാണ് ചെങ്ങന്നൂരിലെ ഫലം. അഴിമതി വിരുദ്ധ പ്രതിച്ഛായ, ഇച്ഛാശക്തിയോടെയുള്ള നടപടികള്‍, ഭരണത്തിന്റെ ഗുണം ജനങ്ങളിലെത്തിയത്, മതനിരപേക്ഷ നിലപാടുകള്‍ തുടങ്ങിയവ ജനം അംഗീകരിച്ചു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പോലീസിന് സംഭവിച്ച ചില വീഴ്ചകളൊഴിച്ചാല്‍ ഭരണം തൃപ്തികരമെന്നാണ് പൊതുജനങ്ങള്‍ കരുതുന്നത്. ഉപതിരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് പ്രചാരണ വേദികളില്‍ വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. ഫലപ്രഖ്യാപനം വന്നതിന് പിറകെ മുഖ്യമന്ത്രിയടക്കം ഇത് ഉറക്കെ പറയുന്നുണ്ട്. ഉപതിരഞ്ഞെടുപ്പ് വിധി എല്‍ ഡി എഫ് സര്‍ക്കാറിന്റെ നയനിലപാടുകള്‍ക്കുള്ള ജനപിന്തുണയുടെ വിളംബരമാണെന്നാണ് പിണറായി വിജയന്‍ പ്രസ്താവിച്ചത്. പോലീസ് വീഴ്ചകളുടെ പേരില്‍ സര്‍ക്കാറിനെയും മുഖ്യമന്ത്രിയെയും നിരന്തരം വിമര്‍ശിക്കുന്ന ചില ചാനലുകള്‍ക്കെതിരെയുള്ള മുനയായി വിജയത്തെ എടുത്തുകാണിക്കുകയാണ് സി പി എം. ജനങ്ങളാണ്, ചാനല്‍ ആങ്കര്‍മാരല്ല യഥാര്‍ഥ വിധികര്‍ത്താക്കളെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത് ഇതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് ദിവസം കെവിന്റെ മരണത്തിന്റെ പേരില്‍ സര്‍ക്കാറിനെതിരെ നടന്ന പ്രചാരണങ്ങള്‍ പൊതു സമൂഹം പ്രത്യേകിച്ചും ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ കാര്യമായി മുഖവിലക്കെടുത്തിട്ടില്ലെന്നാണ് ഈ വിജയം സൂചിപ്പിക്കുന്നത്. കേരള സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിലെ സര്‍വേ റിസര്‍ച്ച് സെന്റര്‍ മെയ് 18, 19, 20 തീയതികളില്‍ ചെങ്ങന്നൂരില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്ത മിക്കവരും മണ്ഡലത്തിലെ മുന്‍ പ്രതിനിധി കെ കെ രാമചന്ദ്രന്‍ നായരുടെ പ്രവര്‍ത്തനത്തെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സി പി എമ്മിനും ഇടതു മുന്നണിക്കും പുതിയ ഊര്‍ജം പകരുന്നതും സംസ്ഥാന സര്‍ക്കാറിന് കൂടുതല്‍ കരുത്ത് നല്‍കുന്നതുമാണ് ചെങ്ങന്നൂരിലെ വിജയം.