Connect with us

Kerala

നിപ്പ ബാധിച്ച് കോഴിക്കോട്ട് ഒരു മരണം കൂടെ; ആകെ മരണം 17

Published

|

Last Updated

കോഴിക്കോട്: നിപ്പാ നിയന്ത്രണവിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ പ്രഖ്യാപനത്തിനിടെ കോഴിക്കോട്ട് ഒരാള്‍ കൂടി മരിച്ചു. കോട്ടൂര്‍ പഞ്ചായത്തിലെ പൂനത്ത് സ്വദേശി നെല്ലിയുള്ളതില്‍ ഭാസ്‌കരന്‍ നായരുടെ മകന്‍ റസിന്‍ (26) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് മരണം.

റസിന്‍

ഇതോടെ നിപ്പാ ബാധിച്ച് മരിച്ചവരുടെ എണ്ണം പതിനേഴായി. മരിച്ചവരില്‍ പതിനാറ് പേര്‍ക്കും നിപ്പാ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി രണ്ട് പേരാണ് നിപ്പാ ബാധിച്ച് മരിച്ചത്. സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സംശയിച്ച് ഇന്നലെ രണ്ട് പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, നിപ്പാ വൈറസ് ഉറവിടത്തിന് കാരണമെന്ന് സംശയിക്കുന്ന പഴംതീനി വവ്വാലുമായി മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഭോപ്പാലിലെത്തി. ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സൂപ്പിക്കടയിലെ വീടിന് സമീപത്ത് നിന്ന് പിടികൂടിയ വവ്വാലിനെയാണ് പരിശോധനക്കായി കൊണ്ടുപോയത്. ഇവിടെ നിന്ന് മുയലിന്റെ രക്തസാമ്പിളും പരിശോധനക്കായി അയച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.