വികാസ് ഗൗഡ വിരമിച്ചു

Posted on: May 31, 2018 6:12 am | Last updated: May 31, 2018 at 12:17 am

ന്യൂഡല്‍ഹി: പതിനഞ്ച് വര്‍ഷക്കാലം ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ നിറഞ്ഞു നിന്ന ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ വിരമിച്ചു. ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ട്വിറ്റര്‍ പേജിലൂടെ വികാസിന്റെ വിരമിക്കല്‍ തീരുമാനം അറിയിച്ചു.

ഡിസ്‌കില്‍ കോമണ്‍വെല്‍ത്ത് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് വികാസ് ഗൗഡ. നാല് തവണ ഒളിമ്പിക്‌സില്‍ പങ്കെടുത്ത വികാസിന് ജൂലൈയില്‍ മുപ്പത്തഞ്ച് വയസ് പൂര്‍ത്തിയാകും.

കഴിഞ്ഞ വര്‍ഷം ഭുവനേശ്വറില്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് വെങ്കലം നേടിയതിന് ശേഷം വികാസ് ഗൗഡ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലൊന്നും പങ്കെടുത്തിട്ടില്ല.

ഏറെ ആലോചിച്ച ശേഷമാണ് തീരുമാനം. ഇനിയും ശരീരത്തെ മത്സരത്തിനായി പാകപ്പെടുത്താനില്ല. അത് സാഹസികമാകും. ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ശ്രദ്ധയൂന്നുകയാണ് ലക്ഷ്യം – വികാസ് അത്‌ലറ്റിക് ഫെഡറേഷന് നല്‍കിയ കത്തില്‍ അറിയിച്ചു. യു എസ് എയില്‍ സ്ഥിരതാമസക്കാരനായ വികാസ് ഇന്ത്യക്ക് വേണ്ടിയാണ് ഒളിമ്പിക്‌സില്‍ പങ്കെടുത്തത്.

മൈസൂരാണ് വികാസിന്റെ സ്വദേശം. കുടുംബം അമേരിക്കയിലേക്ക് താമസം മാറ്റുമ്പോള്‍ വികാസിന് പ്രായം ആറ്. പിതാവ് ശിവെ മുന്‍ അത്‌ലറ്റും 1988 ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ പരിശീലക അംഗവുമായിരുന്നു.

ഡിസ്‌കസില്‍ വികാസിന്റെ പേരിലാണ് ദേശീയ റെക്കോര്‍ഡ് (66.28മീറ്റര്‍). 2013,2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം, 2014 കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണം, 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി, ഏഷ്യന്‍ ഗെയിംസില്‍ 2010 ല്‍ വെങ്കലം 2014 ല്‍ വെള്ളി എന്നിങ്ങനെ പോകുന്നു പ്രധാന നേട്ടങ്ങള്‍.

2004,2008,2012,2016 തുടരെ നാല് ഒളിമ്പിക്‌സുകളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്ത വികാസിന് 2017 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ വികാസ് ഫൈനല്‍ റൗണ്ടിലെത്തി.

ഷോട്പുട്ടിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 19.62 മീറ്ററാണ് ഷോട്ടില്‍ വികാസിന്റെ മികച്ച പ്രകടനം. പിന്നീട് ഡിസ്‌കസ്‌ത്രോയിലേക്ക് ശ്രദ്ധ മാറ്റുകയായിരുന്നു.

വികാസ് ഗൗഡ – കരിയര്‍

ദേശീയ റെക്കോര്‍ഡ് : 66.28 മീറ്റര്‍

ഒളിമ്പിക്‌സ് : 2004,2008,2012,2016

സ്വര്‍ണ മെഡല്‍:
2014 കോമണ്‍വെല്‍ത്ത് ഗെയിംസ്
2013&2015 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്

വെള്ളി മെഡല്‍ :
2010 കോമണ്‍വെല്‍ത്ത് ഗെയിംസ്
2014 ഏഷ്യന്‍ ഗെയിംസ്
2011 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്

വെങ്കല മെഡല്‍ :
2010 ഏഷ്യന്‍ ഗെയിംസ്
2005 & 2017 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്