തിര. കമ്മീഷന്റെ നിലപാട് ദുരൂഹം

Posted on: May 31, 2018 6:00 am | Last updated: May 30, 2018 at 11:17 pm

വിവരാവകാശ നിയമത്തെ അട്ടിമറിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ നടത്തുന്ന നീക്കത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണയോ? രാഷ്ട്രീയ കക്ഷികളെ കൂടി ഉള്‍പ്പെടുത്തിയാണ് രാജ്യത്ത് വിവരാവകാശ നിയമം കൊണ്ടുവന്നത്. 2013 ജൂണില്‍ അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വ്യക്തമാക്കിയതുമാണ്. ബി ജെ പി, കോണ്‍ഗ്രസ്, ബി എസ് പി, എന്‍ സി പി, സി പി ഐ, സി പി എം, എന്നീ പാര്‍ട്ടികള്‍ നിയമത്തിന് കീഴില്‍ വരുമെന്നായിരുന്നു കമ്മിഷന്റെ അന്നത്തെ പ്രഖ്യാപനം. 2016 സെപ്തംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ കൂടി പരിധിയിലാക്കി. എന്നാല്‍, പുതിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത് പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന് പുറത്താണെന്നാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനാ വിവരങ്ങള്‍ തേടി പുനൈ സ്വദേശി വിഹാര്‍ ധുര്‍വെ നല്‍കിയ വിവരാവകാശ അപേക്ഷയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറാണ് (സി പി ഐ ഒ) ഈ വിവാദ മറുപടി നല്‍കിയത്.

അഴിമതി സാര്‍വത്രികമായ സാഹചര്യത്തില്‍ അതിന് തടയിടാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന നിലയിലാണ് വിവരാവകാശ നിയമം കൊണ്ടുവന്നത്. അഴിമതി വ്യാപനത്തില്‍ വലിയ പങ്ക് വഹിക്കുന്നത് രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ്. അതാത് കാലത്ത് അധികാരത്തിലേറുന്ന പാര്‍ട്ടികള്‍ അധികാര സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയും കള്ളപ്പണക്കാരുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ചും സി ബി ഐ പോലുള്ള അന്വേഷണ ഏജന്‍സികളെ കൂട്ടിലടച്ചും അഴിമതിയും അധികാര ദുര്‍വിനിയോഗവും നടത്തും. ഇതിനെതിരായി രാജ്യത്ത് നടന്ന ജനകീയ പോരാട്ടത്തിന്റെ അനന്തര ഫലമാണ് വിവരാവകാശ നിയമവും ലോക്പാല്‍ നിയമവുമെല്ലാം.

എന്നാല്‍, ഈ നിയമത്തിന്റെ പരിധിയില്‍ നിന്ന് രക്ഷപ്പെടാനുള്ള നീക്കങ്ങളാണ് തുടക്കം മുതലേ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തി വരുന്നത്. വിവരാവകാശ കമ്മീഷന്‍ പാര്‍ട്ടികളോട് വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോഴെല്ലാം തങ്ങള്‍ സര്‍ക്കാറിന്റെ ഭാഗമോ പൊതുസ്ഥാപനമോ അല്ലെന്ന് ന്യായം പറഞ്ഞു ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ അവര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനെതിരെ 2013-ലും 2016-ലും വിവരാവകാശ കമ്മീഷന്‍ ആറ് പ്രമുഖ പാര്‍ട്ടികള്‍ക്ക് നോട്ടീസയച്ചിരുന്നു. അതേസമയം, രാഷ്ട്രീയ കക്ഷികള്‍ പൊതുസ്ഥാപനം എന്നതിന്റെ നിര്‍വചനത്തിന് കീഴില്‍വരുമെന്നാണ് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ 2013-ലെ ഉത്തരവില്‍ പറയുന്നത്. ഇതുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും കോടതിയില്‍ ഇതിനെ ചോദ്യംചെയ്തിട്ടില്ല. പാര്‍ലിമെന്ററി സംവിധാനത്തില്‍ ഭരണഘടനക്കു വിധേയമായി വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടികള്‍ ബാധ്യസ്ഥരായതിനാല്‍ കോടതിയെ സമീപിക്കുന്നത് വടി കൊടുത്തു അടി വാങ്ങലായിരിക്കുമെന്ന ബോധ്യം കൊണ്ടായിരിക്കണം അതിന് തുനിയാത്തത്.
ജനാധിപത്യ പ്രക്രിയയുടെ അവിഭാജ്യ ഘടകമെന്ന നിലയില്‍ രാജ്യം രാഷ്ട്രീയക്കാര്‍ക്ക് പല പ്രത്യേക അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നുണ്ട്. അവരുടെ ഫണ്ടിന് നികുതിയിളവുണ്ട്. പാര്‍ട്ടി ഓഫീസ് ആവശ്യത്തിനും മറ്റും സര്‍ക്കാര്‍ കെട്ടിടവും സ്ഥലവും സൗജന്യമായോ നാമമാത്ര പാട്ടത്തിനോ അനുവദിക്കുന്നു. തിരഞ്ഞെടുപ്പ് വേളയില്‍ സര്‍ക്കാര്‍ മാധ്യമങ്ങളില്‍ സൗജന്യമായി പ്രചാരണം അനുവദിക്കുന്നു. ഇതൊക്കെ നന്നായി അനുഭവിക്കവേ, ഭരണകൂടത്തോട് തങ്ങള്‍ക്ക് യാതൊരു വിധേയത്വവുമില്ലെന്ന് പറഞ്ഞു പൊതുവിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത് മിതമായി പറഞ്ഞാല്‍ നന്ദികേടാണ്.

ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനവും സുതാര്യമായിരിക്കണം. ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറുകയും പാര്‍ട്ടി പ്രവര്‍ത്തങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് പണം പിരിക്കുകയും ചെയ്യുന്ന നേതാക്കള്‍ക്ക് ജനങ്ങളില്‍ നിന്ന് മറച്ചു വെക്കാന്‍ എന്താണുള്ളത്? അവരുടെ സാമ്പത്തിക സ്രോതസ്സ് ഏതാണെന്ന് ചോദിക്കുമ്പോള്‍ വെളിപ്പെടുത്താന്‍ വിമുഖത കാണിക്കുന്നുവെങ്കില്‍ നിയമ വിധേയമല്ല അത് സമ്പാദിച്ചതെന്നല്ലേ മനസ്സിലാക്കേണ്ടത്? ഇല്ലെങ്കില്‍ തുറന്നു പറയാന്‍ എന്തിന് ഭയക്കണം? രാജ്യത്തിന്റെ നന്മയും ജനതാത്പര്യവും കണക്കിലെടുത്താണ് തങ്ങളുടെ പ്രവര്‍ത്തനമെന്നാണല്ലോ രാഷ്ട്രീയ കക്ഷികള്‍ ഒന്നടങ്കം അവകാശപ്പെടുന്നത്. എങ്കില്‍ നേതൃയോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ വിവരാവകാശ നിയമമനുസരിച്ച് ആവശ്യപ്പെട്ടാല്‍ എന്താണ് കുഴപ്പം? അതു മറച്ചുവെക്കുന്നതെന്തിന്? അതെല്ലാം ജനങ്ങള്‍ക്കു ലഭ്യമാക്കുന്നതല്ലേ ജനാധിപത്യത്തിന്റെ ഉന്നത രൂപം? ജനങ്ങള്‍ അറിയാന്‍ പാടില്ലാത്ത വിഷയങ്ങളാണോ ചര്‍ച്ച ചെയ്യുന്നതും തീരുമാനമെടുക്കുന്നതും? ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച്, അതിന്റെ മഹത്വത്തെ സംബന്ധിച്ച് വാചാലമാകുന്നവര്‍ വിവരാവകാശ നിയമത്തെക്കുറിച്ചു പറയുമ്പോള്‍, ജനാധിപത്യ മൂല്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുകയാണ്. രാഷ്ട്രീയക്കാരുടെ തെറ്റായ ഈ നിലപാടിനെ അംഗീകരിച്ചു കൊണ്ടുള്ള പതിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി അതിലേറെ ദുരൂഹമാണ്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് മുഖ്യ വിവരാവകാശകമ്മീഷന്‍ ഉത്തരവിറക്കിയ സാഹചര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷന് ഇത് തിരുത്താനാകില്ലെന്നാണ് സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വിവാദ മറുപടിയെക്കുറിച്ചു മുന്‍ മുഖ്യവിവരാവകാശ കമ്മിഷണര്‍ എ എന്‍ തിവാരി പ്രതികരിച്ചത്. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ മാത്രമാണ് അത് തിരുത്താനുള്ള അധികാരമെന്നും പുതിയ വിവരാവകാശ കമ്മീഷന്റെ നിലപാടിന് സാധുതയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.