Connect with us

Kerala

ചെങ്ങന്നൂരില്‍ നാളെ വോട്ടെണ്ണും

Published

|

Last Updated

ആലപ്പുഴ: ഉപതിരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂരില്‍ നാളെ വോട്ടെണ്ണും. കേരളം ഉറ്റുനോക്കുന്ന ഉപതിരഞ്ഞുടപ്പിന്റെ ഫലം നാളെ ഉച്ചക്ക് മുമ്പ് അറിയാം. സമീപ കാല തിരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഉപതിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉയര്‍ന്നത് മുന്നണികള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. 78.26 ആണ് പോളിംഗ് ശതമാനം. ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 1,52,035 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതില്‍ തന്നെ സ്ത്രീ വോട്ടര്‍മാരില്‍ 78.49 ശതമാനവും പുരുഷന്മാരില്‍ 73.71 ശതമാനവും പേര്‍ വോട്ട് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ടര പതിറ്റാണ്ടിന് ശേഷം ഇടതുമുന്നണിക്ക് വിജയം സമ്മാനിച്ച 2016ലെ തിരഞ്ഞെടുപ്പില്‍ 74.36 ആയിരുന്നു പോളിംഗ് ശതമാനം. ഇടതുപക്ഷം ഇവിടെ ഇതിന് മുമ്പ് ജയിച്ച 1987ലെ തിരഞ്ഞെടുപ്പില്‍ 79.69 ആയിരുന്നു പോളിംഗ് ശതമാനം. അന്ന് വിജയിച്ചത് എല്‍ ഡി എഫിലെ മാമന്‍ ഐപ്പായിരുന്നു. അതിനുശേഷം പോളിംഗ് ശതമാനം ഉയര്‍ന്നത് 2016 ലാണ്. അന്നും വിജയം എല്‍ ഡി എഫിനായിരുന്നു. കെ കെ രാമചന്ദ്രന്‍നായരായിരുന്നു ജയിച്ചത്. 1987നും 2016നും ഇടയില്‍ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം യു ഡി എഫിനായിരുന്നു വിജയം. പോളിംഗ് ശതമാനം ഗണ്യമായി കുറയുന്ന കാഴ്ചയായിരുന്നു ആ തിരഞ്ഞെടുപ്പുകളില്‍.

1991ല്‍ 72.62, 1996ല്‍ 71.85, 2001ല്‍ 72.05, 2006ല്‍ 71.95, 2011ല്‍ 70.88 എന്നിങ്ങനെയായിരുന്നു പോളിംഗ് ശതമാനം. പിന്നീട് ഇത് വര്‍ധിച്ചത് 2016ലെ തിരഞ്ഞെടുപ്പിലാണ്. 2016ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇക്കുറി പോളിംഗ് ശതമാനം വീണ്ടും വര്‍ധിച്ചത് ആരെ തുണക്കുമെന്നതാണ് മുന്നണികള്‍ ഉറ്റുനോക്കുന്നത്. പോളിംഗ് ശതമാനം കുറഞ്ഞാല്‍ യു ഡി എഫും കൂടിയാല്‍ എല്‍ ഡി എഫും എന്ന് വ്യാഖ്യാനിക്കാനാകില്ലെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇടതു- വലതു മുന്നണികള്‍ക്കൊപ്പം എന്‍ ഡി എ യും കളം നിറഞ്ഞ് നില്‍ക്കുന്നതാണ് പ്രവചനക്കാരെ വിഷമിപ്പിക്കുന്നത്. എന്‍ ഡി എക്ക് വോട്ട് കുറയുമെന്ന കാര്യത്തില്‍ ഏറെക്കുറെ അവര്‍ തന്നെ സമ്മതിക്കുന്നതായും ചൂണ്ടിക്കാട്ടുന്നു. എന്‍ ഡി എയുടെ വോട്ടുകളിലെ ഏറ്റക്കുറച്ചിലുകളെ ആശ്രയിക്കുകയാണ് യു ഡി എഫും എല്‍ ഡി എഫും. മുന്നണി സ്ഥാനാര്‍ഥികളെല്ലാം വിജയ പ്രതീക്ഷയിലാണ്. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ക്കും അല്‍പ്പം ആശങ്കയുള്ളത്. അതെസമയം, അവസാന നിമിഷം അടിയൊഴുക്കുകളുണ്ടായതായി ആരോപണമുയര്‍ന്നത് ഫലം പ്രവചനാതീതമാക്കുന്നുണ്ട്.

ഉച്ചക്കുശേഷം ചിലയിടങ്ങളില്‍ യു ഡി എഫ് ബൂത്തുകള്‍ നിര്‍ജീവമായിരുന്നെന്ന് തിരഞ്ഞെടുപ്പിന്റെ അന്ന് തന്നെ എന്‍ ഡി എ സ്ഥാനാര്‍ഥി പി എസ് ശ്രീധരന്‍പിള്ള രംഗത്ത് വന്നത് തന്നെ ഇതിന് തെളിവാണ്.

Latest