Connect with us

Kerala

അട്ടപ്പാടിയിലെ ലൈംഗിക ചൂഷണം: സെക്‌സ് റാക്കറ്റിന് പങ്കുള്ളതായി സൂചന

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിയില്‍ 12 കാരി ആദിവാസി പെണ്‍കുട്ടി കൂട്ട ലൈംഗീക ചൂഷണത്തിന് വിധേയമായ സംഭവത്തിന് പിന്നില്‍ സെക്‌സ് റാക്കറ്റിന് പങ്കുള്ളതായി സൂചന. ഇരയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയ ഇന്ദുമതിയെന്ന 18കാരിയോടൊപ്പം മറ്റ് രണ്ട് പെണ്‍കുട്ടികളുമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പിടിയിലായ പ്രതികളെ കൂടാതെ സെക്‌സ് റാക്കറ്റിന്റെ പങ്കിനെക്കുറിച്ച് പോലീസിന് സുചന ലഭിച്ചത്. അസേമയം, ഇന്ദുമതിക്കും ഇരയായ പെണ്‍കുട്ടിക്കുമൊപ്പം ഉണ്ടായിരുന്നതായി പറയുന്ന രണ്ട് പെണ്‍കുട്ടികള്‍ ഇന്ദുമതിയുടെ ബന്ധുക്കളാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഏഴ് വയസ്സില്‍ താഴെയുള്ള ഈ പെണ്‍കുട്ടികളെയും ഇരയായ പെണ്‍കുട്ടിയെയും കൂട്ടിയാണ് 19ന് ഇന്ദുമതി പുതുര്‍ അമ്പലത്തില്‍ ഉത്സവം കാണാനെന്ന് പറഞ്ഞു പോകുന്നത്. എന്നാല്‍, പിറ്റേദിവസം ഉച്ചയോടെ ആനക്കട്ടിയിലെ ഇന്ദുമതിയുടെ വീടിനടുത്തുള്ള റോഡില്‍ ഓട്ടോയില്‍ കൊണ്ടുവന്ന് രണ്ട് കുട്ടികളെയും ഇറക്കി വിട്ടു. അതേ ഓട്ടോയില്‍ ഇരയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നതായും ആ കുട്ടിയെ വീട്ടില്‍ കൊണ്ടു പോയി വിട്ടിട്ട് വരാമെന്നും നിങ്ങള്‍ വീട്ടിലേക്ക് പോയ്‌ക്കോളൂ എന്നുമാണ് ഇന്ദുമതി കുട്ടികളോട് പറഞ്ഞതെന്ന് കുട്ടികളുടെ മാതാവ് പറയുന്നു. ഈ കുട്ടികളില്‍ നിന്ന് പോലീസ് വിവരംചോദിച്ചറിയാന്‍ ശ്രമിച്ചിരുന്നു.

മഴയായിരുന്നുവെന്നും കാട്ടിലായിരുന്നുവെന്നുമൊക്കെയല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ കുട്ടികള്‍ക്ക് അറിയില്ലായിരുന്നു. ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച കാര്യവും കുട്ടികള്‍ പറഞ്ഞിരുന്നു. ഈ കുട്ടികള്‍ ഒരുതരത്തിലും ഉപദ്രവിക്കപ്പെട്ടിട്ടില്ലെന്നും പോലീസ് പറഞ്ഞു.
കേസില്‍ ഒരു സ്ത്രീയടക്കം മൊത്തം 13 പ്രതികളാണ് ഉള്ളതെന്നാണ് എ എസ് പി പറയുന്നത്. ഇതില്‍ ഇന്ദുമതിയെന്ന പെണ്‍കുട്ടിയടക്കം 12 പേരെയാണ് പിടികൂടിയത്. ഇനി പിടികൂടാനുള്ളത് സുന്ദരന്‍ എന്നയാളെയാണ്. ഇപ്പോള്‍ പിടിയിലായവരെല്ലാം 20നും 25നും ഇടയില്‍ പ്രായമുള്ളവരും എസ് സി/ എസ് ടി വിഭാഗത്തില്‍പ്പെട്ടവരുമാണ്. അതേസമയം, പിടികൂടാനുള്ള കാരറ ഊരുകാരനായ സുന്ദരന്‍ ആദിവാസി വിഭാഗത്തിന് പുറത്തുള്ളയാളാണ്.

ക്രിമിനല്‍ പശ്ചാത്തലമുള്ള സുന്ദരന്റെ കൈയില്‍ പെണ്‍കുട്ടി എങ്ങനെ അകപ്പെട്ടുവെന്നതാണ് ദുരുഹതയുണ്ടാക്കുന്നത്. കേസിലെ പ്രധാന പ്രതിയാണ് സുന്ദരന്‍ എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പോലീസ് അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും എ എസ് പി സുജിത്ത് ദാസ്പറഞ്ഞു.

പിടിയിലാകാനുള്ള പ്രതിയെ ഉടനെ പിടിയിലാകുമെന്നും എല്ലാവര്‍ക്കും അര്‍ഹിച്ച ശിക്ഷ നല്‍കുമെന്നും എ എസ് പി സുജിത് ദാസ് പറഞ്ഞു. അതോടൊപ്പം, കേസില്‍ കൂടുതലായി മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോയെന്നോ സെക്‌സ് റാക്കറ്റ് പോലുള്ള സംഘങ്ങള്‍ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിലൂടെ മാത്രം തെളിയുന്ന കാര്യങ്ങളാണെന്നും എഎസ് പി അറിയിച്ചു.

Latest