ഉ. കൊറിയന്‍ നേതാവ് യു എസിലേക്ക്

Posted on: May 30, 2018 6:15 am | Last updated: May 30, 2018 at 12:18 am

സിയൂള്‍: ഉത്തര കൊറിയയുടെ മുന്‍ രഹസ്യാന്വേഷണ മേധാവി കിം യോംഗ് ചോള്‍ ചര്‍ച്ചകള്‍ക്കായി അമേരിക്കയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം അമേരിക്കയിലേക്ക് തിരിച്ചിരിക്കുന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അടുത്ത മാസം 12ന് നടക്കാനിരിക്കുന്ന കൂടിക്കാഴ്ച സംബന്ധിച്ച അവ്യക്തതകള്‍ നിലനില്‍ക്കെയാണ് രഹസ്യാന്വേഷണ മേധാവിയുടെ അമേരിക്കന്‍ സന്ദര്‍ശനം. ഇതോടെ ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മില്‍ ചരിത്രപരമായ കൂടിക്കാഴ്ചക്ക് സാധ്യത വര്‍ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കിം ജോംഗ് ഉന്നിന്റെ ഏറ്റവും അടുത്ത ആളായി അറിയപ്പെടുന്ന വ്യക്തിയാണ് മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ കിം യോംഗ് ചോള്‍. ഉത്തര കൊറിയ ഇപ്പോള്‍ ഭരിക്കുന്ന വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ വൈസ് സെന്‍ട്രല്‍ കമ്മിറ്റി സ്ഥാനവും അദ്ദേഹം വഹിക്കുന്നു. ബീജിംഗിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി സംസാരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ്, അടുത്തത് അമേരിക്കയിലേക്കാണ് പോകുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. ചൊവ്വാഴ്ച കിം യോംഗ് ചോള്‍ ചര്‍ച്ചകള്‍ക്കായി ചൈനീസ് തലസ്ഥാനമായ ബീജിംഗിലെത്തിയതായും അടുത്ത ലക്ഷ്യം അമേരിക്കയായിരിക്കുമെന്നും കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയുടെ വാര്‍ത്താ ഏജന്‍സി യോന്‍ഹാപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നേരത്തെ വാഷിംഗ്ടണ്‍ ഡി സിയിലേക്കാണ് വിമാനം ബുക്ക് ചെയ്തിരുന്നതെങ്കിലും പിന്നീട് ഇത് ന്യൂയോര്‍ക്കിലേക്ക് മാറ്റിയതായും വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ഉത്തര കൊറിയന്‍ വൈസ് മാര്‍ഷല്‍ ജോ മ്യോംഗ് റോക് 2000ത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ക്ലിന്റനെ സന്ദര്‍ശിച്ച ശേഷം അമേരിക്ക സന്ദര്‍ശിക്കുന്ന ഏറ്റവും ഉന്നതനായ ഉത്തര കൊറിയന്‍ നേതാവാണ് കിം യോംഗ് ചോള്‍.

ഉത്തര കൊറിയയുടെ ഭാഗത്തുനിന്നുണ്ടായ ശത്രുതാപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് ചര്‍ച്ചയില്‍ നിന്ന് പിന്മാറുകയാണെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഒരു ദിവസത്തിന് ശേഷം, ചര്‍ച്ചകള്‍ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്നും ട്രംപ് നിലപാട് വ്യക്തമാക്കിയിരുന്നു.