പുതിയ ജിദ്ദ എയര്‍പോര്‍ട്ടില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്നു

Posted on: May 29, 2018 10:58 pm | Last updated: May 29, 2018 at 10:58 pm

പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയവര്‍

ജിദ്ദ: പുതിയ ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് പുലര്‍ച്ചെ 5.15 നു പറന്നുയര്‍ന്നു. സഊദി എയര്‍ലൈന്‍സിന്റെ എസ് വി 1291 വിമാനമാണു അല്‍ജൗഫിലെ ഖുറയാത്തിലെ ആഭ്യന്തര വിമാനത്താവളത്തിലേക്ക് പറന്നത്.

സഊദി എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍ കന്നി യാത്രക്കാര്‍ക്ക് യാത്ര മംഗളങ്ങള്‍ നേരാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഇന്ന് ഒന്നാം നമ്പര്‍ ഗേറ്റ് മാത്രമാണു പ്രവര്‍ത്തിച്ചിരുന്നത്. അടുത്തയാഴ്ച രണ്ട് ഗേറ്റുകള്‍ പ്രവര്‍ത്തിക്കും. ശേഷം ആറ് ഗേറ്റുകളും ആഗസ്റ്റില്‍ 11 ഗേറ്റുകളും സെപ്തംബര്‍ ആകുമ്പോഴേക്കും 17 ഗേറ്റുകളും പ്രവര്‍ത്തിക്കും.

ഘട്ടം ഘട്ടമായാണു യാത്രകള്‍ പുതിയ വിമാനത്താവളത്തിലേക്ക് പഴയ എയര്‍പോര്‍ട്ടില്‍ നിന്നും മാറ്റുക . ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ ആഭ്യന്തര വിമാന യാത്രകളും പുതിയ എയര്‍പോര്‍ട്ട് വഴി ആയിത്തീരും. 2019 മാര്‍ച്ചോടു കൂടെ അന്താരാഷ്ട്ര യാത്രകളടക്കം മുഴുവന്‍ യാത്രകളും പുതിയ എയര്‍പോര്‍ട്ട് വഴി ആയി മാറും. അതോടെ 46 ഗേറ്റുകളും പ്രവര്‍ത്തിക്കും .

ലോകത്തെ ഏറ്റവും വലിയ ഏവിയേഷന്‍ ഹബ്ബുകളിലൊന്നാണു പുതിയ ജിദ്ദ എയര്‍പോര്‍ട്ട്. വര്‍ഷത്തില്‍ 80 മില്ല്യനിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ജിദ്ദ എയര്‍പോര്‍ട്ടിനാകും. നിലവില്‍ 46 എയറോബ്രിഡ്ജാണു ഉള്ളതെങ്കില്‍ ഭാവിയില്‍ 96 എയറോ ബ്രിഡ്ജുകള്‍ നിലവില്‍ വരും. 36 ബില്ല്യന്‍ റിയാലാണു പുതിയ എയര്‍പോര്‍ട്ടിന്റെ നിര്‍മ്മാണച്ചെലവ്.