ശരീരഭാരം കുറക്കാന്‍ ഗുളിക; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം

Posted on: May 29, 2018 10:16 pm | Last updated: May 29, 2018 at 10:16 pm

അബുദാബി: ഭാരം കുറക്കാനുള്ള ഗുളികള്‍ക്കെതിരെ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ഗ്ലൂക്കോമനാന്‍ ഗുളികയുടെ ഉപയോഗത്തിനെതിരെയാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. വലിയ തരത്തിലുള്ള ആരോഗ്യ പരിരക്ഷ ഉറപ്പ് നല്‍കിക്കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും മരുന്നിന് വിപണി കണ്ടെത്തിയിരുന്നു. ചെടിയില്‍ നിന്നുമെടുക്കുന്ന ഗ്ലൂക്കോമനാന്‍ എന്ന സത്തില്‍ നിന്നാണ് ഭാരം കുറക്കാനുള്ള ഈ ഗുളിക നിര്‍മിക്കുന്നത്.

എന്നാല്‍ കൃത്യ അളവില്‍ വെള്ളം (250 മില്ലി) ഇല്ലാതെ ഇതില്‍ നിന്നുമെടുക്കുന്ന സത്ത കൊണ്ട് മരുന്ന് നിര്‍മിച്ചാല്‍ ശ്വാസം മുട്ടലിനും ദഹന പ്രക്രിയയുടെ തടസ്സത്തിനും കാരണമായേക്കാം എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം. സമാനമായ ബുദ്ധിമുട്ടുകള്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉറക്കത്തിന് തൊട്ട് മുന്‍പ് മരുന്ന് കഴിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുടെ തീവ്രത കൂട്ടിയേക്കും. യു എ ഇ മാര്‍ക്കറ്റില്‍ ഗുളിക വില്‍ക്കുന്നതിന് മുന്‍പ് ഇതിലടങ്ങിയിരിക്കുന്ന ഗ്ലൂക്കോമനാനിന്റെ തോത് സംബന്ധിച്ച പൂര്‍ണ വിവരം ആരോഗ്യ മന്ത്രാലയത്തില്‍ അറിയിച്ച് അനുമതി വാങ്ങണം.

ഗുളികയുടെ കവറിന് പുറത്ത് മുന്നറിയിപ്പ് സന്ദേശം വ്യക്തമായി എഴുതണമെന്നും മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്നുണ്ട്.