പോലീസിന്റേത് ഗുരുതര കൃത്യവിലോപം, മാധ്യമങ്ങള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താനെന്നും മുഖ്യമന്ത്രി

Posted on: May 29, 2018 9:49 pm | Last updated: May 30, 2018 at 9:32 am

കൊല്ലം: പ്രണയത്തിന്റെ പേരില്‍ കോട്ടയം എസ് എച്ച് മൗണ്ട് പിലാത്തറ കെവിന്റെ പി ജോസഫിനെ ദുരഭിമാനക്കൊലക്ക് ഇരയാക്കിയ കേസില്‍ പോലീസിന്റെ വീഴ്ച്ച ഏറ്റുപറഞ്ഞു മുഖ്യമന്ത്രി. കെവിനെ തട്ടിക്കൊണ്ടുപോയി എന്നറിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത എസ്‌ഐ കാട്ടിയത് ഗുരുതരമായ കൃത്യവിലോപമാണ്. എന്നാല്‍, ഈ വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിച്ചെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

അസാധാരണമായ കൃത്യവിലോപമാണ് ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. തട്ടിക്കൊണ്ടുപോയ സംഭവത്തെക്കുറിച്ച് അന്ന് പുലര്‍ച്ചെയും രാവിലെയും എസ്‌ഐക്ക് അറിവുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം ഒരു നടപടിയും എടുത്തില്ല. മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് എസ്‌ഐക്ക് ചുമതലയുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു.

കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സംഭവം രാത്രിയാണ് നടക്കുന്നത്. സാധാരണ ഗതിയില്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി എത്തിയ ഉടനെ എസ്.ഐയ്ക്കും വിവരം ലഭിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം സ്വീകരിക്കേണ്ട നടപടിയൊന്നും സ്വീകരിച്ചില്ല. അത് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് പോയതിനാല്‍ അല്ല.ആസമയത്ത് മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു കാര്യത്തിനും അദ്ദേഹമില്ല’ മുഖ്യമന്ത്രി പറഞ്ഞു.

പോലീസിന്റെ വീഴ്ച്ച സമ്മതിക്കുമ്പോള്‍ തന്നെ അത് പ്രതിപക്ഷത്തിനും മാധ്യമങ്ങള്‍ക്കുമെതിരായി ആഞ്ഞടിക്കാനുള്ള ആയുധമായും മുഖ്യമന്ത്രി മാറ്റുകയായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ കെവിന്റെ മരണത്തെക്കുറിച്ചും ആഭ്യന്തരവകുപ്പിന്റെ വീഴ്ച്ചയെക്കുറിച്ചും മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത ആളല്ല താന്‍. ന്യായമായ വിമര്‍ശനങ്ങളാണെങ്കില്‍ താന്‍ അംഗീകരിക്കും. വിമര്‍ശകര്‍ക്ക് ന്യായമെന്ന് തോന്നുന്നതല്ല, ജനങ്ങള്‍ക്ക് ന്യായമെന്ന് തോന്നുന്നതേ താന്‍ അംഗീകരിക്കാറുള്ളു. ചാനലുകാര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. ചാനലില്‍ ഇരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാകരുത്. മാധ്യമങ്ങളല്ല, തന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. ഇരിയ്ക്കുന്ന സ്ഥാനത്തിന്റെ മാന്യതയോര്‍ത്ത് താന്‍ കൂടുതലൊന്നും പറയുന്നില്ലെന്നും പിണറായി പറഞ്ഞു.