കെവിന്‍ ഓര്‍മയായി; ആയിരങ്ങള്‍ സാക്ഷിയായി

Posted on: May 29, 2018 7:56 pm | Last updated: May 30, 2018 at 9:32 am

കോട്ടയം: പ്രണയത്തിന്റെ പേരില്‍ ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്‍ ഓര്‍മയായി. ഭാര്യ നീനുവും ബന്ധുക്കളുമടക്കം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ കേരളത്തെ കണ്ണീരിലാഴ്ത്തി കെവിന്റെ മൃതദേഹം കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വീട്ടിലും പള്ളിയിലും നടന്ന മരണാന്തര ശുശ്രൂഷകള്‍ക്ക് ശേഷം വൈകീട്ട് അഞ്ചോടെയാണ് സംസ്‌കാരം. കെവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാഞ്ജലി അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് സംക്രാന്തിയിലെ വീട്ടിലേക്കും തുടര്‍ന്ന് നടന്ന വിലാപയാത്രയിലും അനുഗമിച്ചത്.

രാഷ്ട്രീയ സാമൂഹിക മേഖലയിലെ പ്രമുഖരടക്കം നിരവധി പേരാണ് മാന്നാനത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ കാണാനായി എത്തിയത്. നാടാകെ മാന്നാനത്തേക്ക് മഴയെപ്പോലും വകവയ്ക്കാതെ ഒഴികിയെത്തി.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ 10.30ഓടെയാണ് കെവിന്റെ മൃതദേഹം നട്ടാശേരി എസ്.എച്ച് മൗണ്ട് ചവിട്ടുവരി പ്‌ളാത്തറ വീട്ടില്‍ വിലാപയാത്രയായി എത്തിച്ചത്. മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് ആയിരക്കണക്കിന് പേര്‍ വീട്ടിലും പരിസരത്തുമായി കാത്തുനില്‍പുണ്ടായിരുന്നു.

കെവിന്‍ മുങ്ങിമരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കെവിന്റെ ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നെങ്കിലും അതൊന്നും മരണകാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാല്‍ മാത്രമെ യഥാര്‍ത്ഥ കാരണം കണ്ടെത്താനാകൂ. കേസിലെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ സാനു ചാക്കോ, അച്ഛന്‍ ചാക്കോ ജോണ്‍ എന്നിവര്‍ കണ്ണൂര്‍ പൊലീസിന് മുന്പില്‍ കീഴടങ്ങിയിരുന്നു.