ചര്‍ച്ച പരാജയം; തപാല്‍ സമരം തുടരും

  • ഇടപെടാതെ കേന്ദ്ര സര്‍ക്കാര്‍
  • ഉരുപ്പടികള്‍ കെട്ടിക്കിടക്കുന്നു
Posted on: May 29, 2018 6:21 am | Last updated: May 28, 2018 at 11:41 pm

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന തപാല്‍ സമരവുമായി ബന്ധപ്പെട്ട് ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്ന് ജീവനക്കാര്‍ അറിയിച്ചു. ഗ്രാമീണ ഡാക് സേവകരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തെ തപാല്‍ ജീവനക്കാര്‍ നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായി ഡല്‍ഹിയില്‍ പോസ്റ്റല്‍ ഡയറക്ടര്‍ വിളിച്ചു ചേര്‍ത്ത രണ്ടാം വട്ട ചര്‍ച്ചയാണ് പരാജയപ്പെട്ടത്. ഉദ്യോഗസ്ഥ തല ചര്‍ച്ചയില്‍ ഗ്രാമീണ ഡാക് സേവകരുടെ ശമ്പള വര്‍ധന സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകാത്തതിനെത്തുടര്‍ന്നാണ് പണിമുടക്ക് ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചത്.

രാജ്യത്താകെ ഈ സ്ഥിതി ഉണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഗൗരവമായി ഇടപെടുന്നില്ല. പ്രശ്‌നത്തില്‍ ബി ജെ പി നേതൃത്വം ഇടപെടാത്തതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ചയും യൂനിയന്‍ നേതാക്കളുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഓരോ ഓഫീസും പ്രതിദിനം ശരാശരി 500 തപാല്‍ ഉരുപ്പടികള്‍ കൈമാറുന്നുവെന്നാണ് കണക്ക്. പുറമെ തപാല്‍ ഓഫിസ് വഴിയുള്ള സാമ്പത്തിക ഇടപാടുകളും മുടങ്ങി. ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് അയക്കുന്ന കേക്കുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും തപാല്‍ ബാഗുകളില്‍ കെട്ടിക്കിടക്കുന്നുണ്ട്. പ്രസിദ്ധീകരണങ്ങളുടെ വിതരണവും പ്രതിസന്ധിയിലായി. പണിമുടക്കിനെ തുടര്‍ന്ന് കേരളത്തില്‍ മാത്രം 550 തപാല്‍ ഓഫിസുകളിലായി 1.40 കോടി തപാല്‍ ഉരുപ്പടികളാണ് കെട്ടിക്കിടക്കുന്നത്.