അദ്ധ്വാനത്തിന്റെ മഹത്വം

Posted on: May 29, 2018 6:00 am | Last updated: May 29, 2018 at 8:14 pm

അദ്ധ്വാനിച്ച് ജീവിക്കുക എന്നത് വലിയ പുണ്യകര്‍മമാണ്. അനുവദനീയമായ സമ്പാദ്യം നേടിയെടുക്കാനായി ഒരാള്‍ അദ്ധ്വാനിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരം ചെയ്യുന്നതിന് തുല്യമാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. തന്റെ ആശ്രിതര്‍ക്ക് വേണ്ടി അദ്ധ്വാനിക്കാനിറങ്ങുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന് നബി (സ) പഠിപ്പിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: നിങ്ങള്‍ കച്ചവടം നടത്തുക. അല്ലാഹു മനുഷ്യന് കണക്കാക്കിയ ഭക്ഷണത്തിന്റെ പത്തില്‍ ഒമ്പത് ശതമാനവും കച്ചവടത്തിലൂടെയാണ്.

ധനം മനുഷ്യ ജീവിതത്തില്‍ ഏറ്റവും അനിവാര്യമായ ഘടകമാണ്. സമൂഹിക ജീവിയായ മനുഷ്യന് പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും നിറവേറ്റണമെങ്കില്‍ സമ്പത്ത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ധനസമ്പാദനം എന്നത് മനുഷ്യ ജീവിതത്തിലെ അതിപ്രധാനമായ ഒരു പ്രവൃത്തിയാണ്.

വിശുദ്ധ ഇസ്‌ലാം ധന സമ്പാദനത്തിന് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. അനുവദനീയമായ മാര്‍ഗങ്ങളിലൂടെ ധനം സമ്പാദിക്കുന്നതിനും അദ്ധ്വാനത്തിനും പ്രോത്സാഹനം നല്‍കുകയും അത് വലിയ ആരാധനയാണെന്ന് പഠിപ്പിക്കുകയും ചെയ്ത മതമാണ് ഇസ്‌ലാം. പക്ഷേ, എങ്ങനെയെങ്കിലും ധനം സമ്പാദിക്കുക അതിന് ഏത് മാര്‍ഗവും സ്വീകരിക്കുക എന്നത് ഇസ്‌ലാമിന്റെ നയമല്ല. ഒരു മനുഷ്യന്‍ ജോലിക്ക് പോകുന്നതും ബിസിനസ് ചെയ്യുന്നതും അദ്ധ്വാനിക്കുന്നതുമെല്ലാം വലിയ പുണ്യമുള്ള കാര്യമായി ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. ഒരു ഹദീസില്‍ കാണാം, അനുവദനീയമായ സമ്പാദ്യം നേടിയെടുക്കാനായി ഒരാള്‍ അദ്ധ്വാനിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ധര്‍മസമരംം ചെയ്യുന്നതിന് തുല്യമാണ്. തന്റെ ആശ്രിതര്‍ക്ക് വേണ്ടി അദ്ധ്വാനിക്കാനിറങ്ങുന്നവന്‍ അല്ലാഹുവിന്റെ മാര്‍ഗത്തിലാണെന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്.

ധനസമ്പാദനത്തിന് പല വഴികളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കൂലിത്തൊഴില്‍. ഒരു ദിവസം മദീനാ പള്ളിയില്‍ നബി (സ)യും അനുചരന്‍മാരും ഇരിക്കുന്നു. നല്ല ആരോഗ്യവാനായ ചെറുപ്പക്കാരന്‍ ധൃതി പിടിച്ച് പോകുന്നത് കണ്ടു. അപ്പോള്‍ സ്വഹാബികള്‍ പറഞ്ഞു: കഷ്ടം അദ്ദേഹം അദ്ദേഹത്തിന്റെ യുവത്വവും ആരോഗ്യവുമൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. ഇപ്പോള്‍ ഭൗതിക ലോകത്തിന് വേണ്ടി സമ്പാദിക്കാനാണല്ലോ ആ ചെറുപ്പക്കാരന്‍ പോകുന്നത്. ഇത് കേട്ടപ്പോള്‍ നബി (സ) പറഞ്ഞു. നിങ്ങള്‍ അങ്ങനെ പറയരുത്. കാരണം അദ്ദേഹം പോകുന്നത് ജനങ്ങളുടെ ഔദാര്യം പറ്റി ജീവിക്കാതെ സ്വന്തമായി ഒരു ജീവിത മാര്‍ഗം കണ്ടെത്തുന്നതിന് വേണ്ടിയാണെങ്കില്‍ അദ്ദേഹത്തിന്റെ ആ പോക്ക് ഒരു ആരാധനയാണ്. അതുപോലെ വൃദ്ധരായ മാതാപിതാക്കള്‍ക്കോ തന്റെ ഭാര്യാ സന്താനങ്ങള്‍ക്കോ ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം മറ്റ് ജീവിതച്ചെലവുകള്‍ തുടങ്ങിയവ സമ്പാദിക്കാനാണ് പോകുന്നതെങ്കില്‍ അയാള്‍ക്ക് ഇസ്‌ലാമിന് വേണ്ടി ധര്‍മസമരത്തിന് പോകുന്നവന്റെ പ്രതിഫലമുണ്ട്. നേരെമറിച്ച് ഭൗതിക ലക്ഷ്യം വെച്ച് പോകുകയാണെങ്കില്‍ അവന്‍ പിശാചിന്റെ മാര്‍ഗത്തിലാണ്. സ്വയം അദ്ധ്വാനിച്ച് ജീവിക്കുന്നത് അത്രയും വലിയ പ്രതിഫലമാണെന്നാണ് ഈ പ്രവാചകാധ്യാപനം നമ്മെ ബോധ്യപ്പെടുത്തുന്നത്.

മറ്റൊരു ധനസമ്പാദന മാര്‍ഗമാണ് കച്ചവടം. നബി (സ) പറയുന്നു: നിങ്ങള്‍ കച്ചവടം നടത്തുക. അല്ലാഹു മനുഷ്യന് കണക്കാക്കിയ ഭക്ഷണത്തിന്റെ പത്തില്‍ ഒമ്പത് ശതമാനവും കച്ചവടത്തിലൂടെയാണ്. അതായത് കച്ചവടമാണ് ജീവിത മാര്‍ഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് ചുരുക്കം. അധിക പേരും പിന്‍പറ്റുന്ന ജീവിത മാര്‍ഗവും ഇതു തന്നെയാണ്. എറ്റവും നല്ല ജീവിത മാര്‍ഗം കച്ചവടം ചെയ്ത് ജീവിക്കലാണെന്ന് മറ്റൊരു ഹദീസില്‍ കാണാം. പുതിയ കാലത്ത് പല തരത്തിലുള്ള ബിസിനസുകളും പൊട്ടിമുളച്ച് വരുന്നുണ്ട്. അതില്‍ പലതും ഇസ്‌ലാം അനുവദിച്ച ബിസിനസുകള്‍ക്ക് അപ്പുറത്തുള്ളതാണ്. ഏറ്റവും കൂടുതല്‍ വഞ്ചനയും കൃത്രിമത്വവും നടമാടുന്നത് കച്ചവട മേഖലയിലാണ്. ഇല്ലാത്ത വിശേഷണങ്ങള്‍ പറഞ്ഞ് വില്‍പ്പന നടത്തുക, അളവിലും തൂക്കത്തിലും തട്ടിപ്പ് കാണിക്കുക, പലിശയിലൂടെയുള്ള കച്ചവടം ഇതൊന്നും ഇസ്‌ലാം അനുവദിക്കുന്നില്ല.

എങ്ങനെയാണ് കച്ചവടം നടത്തേണ്ടത് എന്ന് ഇസ്‌ലാം വളരെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. കച്ചവടക്കാരന്‍ സത്യസന്ധനായിരിക്കണം. സത്യസന്ധമായി കച്ചവടം നടത്തുന്നവന്‍ നാളെ പരലോകത്ത് ശുഹദാക്കളോടൊപ്പവും സ്വിദ്ദീഖീങ്ങളോടൊപ്പവും അത്യുന്നത സ്ഥാനത്തായിരിക്കുമെന്ന് ഹദീസുകള്‍ പറയുന്നു. ചെലവായിപ്പോകാത്ത കച്ചവട സാധനങ്ങള്‍ ചെലവാകുന്നതിന് വേണ്ടി ഇല്ലാത്ത വിശേഷണം പറയുന്നവന്‍ നരകാവകാശിയാണെന്നും ഹദീസ് വ്യക്തമാക്കുന്നു.

കച്ചവടത്തില്‍ നിഷിദ്ധം പ്രവര്‍ത്തിക്കുന്നതിലൂടെ അവന്റെയും അവന്റെ കുടുംബത്തിന്റെയും ഭക്ഷണവും നിഷിദ്ധമാകുന്നു. അത്തരം നിഷിദ്ധമായ ഭക്ഷണം കഴിച്ചവന്റെ പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുകയില്ലെന്നും സന്താനങ്ങള്‍ വഴികേടിലായിപ്പോകാന്‍ അത് കാരണമാകുമെന്നും മുന്‍ഗാമികളായ പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നു.

ധനസമ്പാദനത്തിന്റെ മറ്റൊരു മാര്‍ഗമാണ് കൃഷി. നബി (സ) പറഞ്ഞു: ഒരാള്‍ ഒരു തൈ നട്ടു. അത് വലുതായി ഫലമുണ്ടായി. അത് ആര് ഭക്ഷിച്ചാലും നട്ടവന് സ്വദഖയുടെ പ്രതിഫലമുണ്ട്. പറവ ഭക്ഷിച്ചാലും മോഷ്ടാവ് കൊണ്ടുപോയാലും ഈ പ്രതിഫലം ലഭിക്കും. ധനസമ്പാദനത്തിന് യാചന മാര്‍ഗമായി സ്വീകരിക്കുന്നത് ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ല.

ഏതായിരുന്നാലും അദ്ധ്വാനിച്ച് ജീവിക്കുക എന്നത് വലിയ പുണ്യകര്‍മമാണ്. പക്ഷേ, അതില്‍ വഞ്ചനയും ചതിയും വരാതെ സുക്ഷിച്ച് കൊണ്ട് ഒരാള്‍ അദ്ധ്വാനിച്ചാല്‍ അത് പരലോക വിജയത്തിന് കാരണമാകും.
തയ്യാറാക്കിയത്: അനസ് സഖാഫി ക്ലാരി