സഅദിയ്യ റമസാന്‍ പ്രഭാഷണം വ്യാഴാഴ്ച

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്
Posted on: May 28, 2018 9:20 pm | Last updated: May 28, 2018 at 9:20 pm
ദുബൈ സഅദിയ്യ ഇന്ത്യന്‍ സെന്റര്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഇരുപത്തി രണ്ടാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ നൗഫല്‍ സഖാഫി കളസ ഈ മാസം 31ന് വ്യാഴാഴ്ച രാത്രി പത്തിന് ഊദ് മേത്ത ലത്തീഫ ഹോസ്പിറ്റലിന് സമീപമുള്ള അല്‍ വസല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സന്തുഷ്ട കുടുംബം എന്നതാണ് വിഷയം. ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം.

മലയാളം, കന്നട ഭാഷകളില്‍ ശ്രദ്ധേയനായ പ്രഭാഷകനും യുവ പണ്ഡിതനുമാണ് നൗഫല്‍ സഖാഫി. കര്‍ണാടകയിലെയും കേരളത്തിലെയും മുസ്‌ലിം ആത്മീയ നേതാക്കളില്‍ പ്രമുഖനും സഅദിയ്യ വൈസ് പ്രിന്‍സിപ്പളുമായ ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും പ്രമുഖ സയ്യിദുമായ സൈനുല്‍ ആബിദീന്‍ മുത്തുക്കോയ അല്‍ അഹ്ദല്‍ കണ്ണവം തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സാരഥികളായിരുന്ന താജുല്‍ ഉലമാ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഉള്ളാള്‍ തങ്ങള്‍, നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സ്ഥാപിതമായ, കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ച് വരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. സ്ഥാപനത്തിന്റെ കീഴില്‍ ദുബൈ മതകാര്യ വകുപ്പിന്റെ അനുമതിയോടെ നാല്‍പത് വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്ന മത വൈജ്ഞാനിക സാംസ്‌കാരിക കേന്ദ്രമാണ് സഅദിയ്യ ഇന്ത്യന്‍ സെന്റര്‍.

ദുബൈ ഖിസൈസിലെ വിശാലമായ കെട്ടിട സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ പ്രൈമറി സെക്കന്‍ഡറി തലങ്ങളിലുള്ള മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, ഫാമിലി ഗൈഡന്‍സ്, ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ലാസുകള്‍, ഉംറ സര്‍വീസ് ഹദീസ് പഠന കോഴ്‌സുകള്‍, അറബീ ഇംഗ്ലീഷ് ഭാഷാ ക്ലാസുകള്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ദുബൈയിലെ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് ഔഖാഫിന്റെ പ്രത്യേക അനുമതിയോടെ ഖുതുബ പ്രഭാഷണങ്ങളും മതപഠന ക്ലാസുകളും റമസാനില്‍ ഇഫ്താറും നടന്നുവരുന്നു.

ഹോളി ഖുര്‍ആന്‍ പരിപാടി ശ്രവിക്കാന്‍ എത്തുന്നവര്‍ക്കായി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും സ്ത്രീകള്‍ക്കായി പ്രത്യേക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രഭാഷണ സ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹന സംബന്ധമായ വിവരങ്ങള്‍ 050-7759362 എന്ന നമ്പറില്‍ ലഭിക്കും. സഅദിയ്യ, ഐ സി എഫ്. ആര്‍ എസ് സി, കെ സി എഫ് ഘടകങ്ങളുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

പരിപാടിയില്‍ ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍ക്ക് പുറമെ യു എ ഇ ഗവണ്‍മെന്റ് പ്രതിനിധികള്‍, സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍, സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ത്വാഹാ ബാഫഖി അസ്സഖാഫി, സഅദിയ്യ സെന്റര്‍ മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പ്, സഅദിയ്യ സെക്രട്ടറി അമീര്‍ ഹസ്സന്‍ ഉള്ളാള്‍, സ്വാഗതസംഘം കണ്‍വീനര്‍ യഹ്‌യ സഖാഫി ആലപ്പുഴ, സിറാജ് അബ്ദുല്ല ഹാജി, ജലീല്‍ നിസാമി എരുമാട്, സലീം ആര്‍ ഇ സി, അനീസ് തലശ്ശേരി എന്നിവര്‍ സംബന്ധിച്ചു.