കെവിന്റെ മരണം; കോട്ടയം എസ്പിയെ സ്ഥലംമാറ്റി; ഗാന്ധിനഗര്‍ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Posted on: May 28, 2018 11:51 am | Last updated: May 28, 2018 at 12:44 pm


കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് ഭാര്യവീട്ടുകാര്‍ തട്ടിക്കൊണ്ട് പോയ കോട്ടയം സ്വദേശി കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കോട്ടയം എസ്പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റി. എസ്പിക്കെതിരെ വകുപ്പ്തല നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐയെയും എഎസ്‌ഐയെയും സസ്‌പെന്‍ഷന്‍ഡ് ചെയ്തു. എസ്‌ഐ എംഎസ്. ഷിബുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കേസ് അന്വേഷണത്തില്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചുവെന്ന് ഡിവൈഎസ്പിയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എസ്‌ഐക്കും എഎസ്‌ഐക്കും നേരെ നടപടി സ്വീകരിച്ചത്. പോലീസ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും കെവിന്റെ പിതാവും ആരോപിച്ചിരുന്നു. സംഭവത്തില്‍ ഗാന്ധിനഗര്‍ എസ്‌ഐക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കിയിരുന്നു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും ബെഹ്‌റ പറഞ്ഞു. ഇന്ന് രാവിലെയാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പുനലൂര്‍ ചാലിയക്കര ആറിലാണ് മൃതദേഹം കണ്ടെത്തിയത്.