പിഞ്ച്കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി

  • പിതാവ് അറസ്റ്റില്‍, സംഭവം പോലീസ് സ്റ്റേഷന്‍ വളപ്പില്‍
  • പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ്
Posted on: May 28, 2018 6:09 am | Last updated: May 28, 2018 at 12:45 am
അങ്കമാലി പോലീസ് സര്‍ക്കിള്‍ ഓഫീസ് കാര്യാലയത്തിന് സമീപത്തെ കാട്ടില്‍ കുഴിച്ചുമൂടിയ
പിഞ്ച് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തപ്പോള്‍

കൊച്ചി: അങ്കമാലി പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഓഫീസ് കാര്യാലയത്തോട് ചേര്‍ന്ന് കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് പിഞ്ച് കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. മൂന്ന് മാസം പ്രായമുള്ള ആണ്‍ കുഞ്ഞിനെ പോലീസ് സ്റ്റേഷന്റെ പിറക് വശത്ത് പറകുളം റോഡിനോട് ചേര്‍ന്ന് കിടക്കുന്ന ഭാഗത്ത് ഭര്‍ത്താവ് കൊന്ന് കുഴിച്ചിട്ടെന്ന പരാതിയുമായി തമിഴ്‌നാട് സ്വദേശിനിയായ സുധ എന്ന നടോടി സ്ത്രീയാണ് പോലീസ് സ്റ്റേഷനിലെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

മൂന്ന് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ കൊലപ്പെടുത്തി സ്റ്റേഷന്‍ വളപ്പില്‍ കുഴിച്ചിട്ടുവെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് കൊല നടത്തിയതെന്നും തുടര്‍ന്ന് തെളിവ് നശിപ്പിക്കുന്നതിന് വേണ്ടിയാണ് ആളൊഴിഞ്ഞ ഈ ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതെന്നും കുട്ടിയുടെ മാതാവ് സുധ പോലീസിനോട് പറഞ്ഞു. മാതാവിന്റെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് പാലക്കാട് സ്വദേശി മണികണ്ഠനെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തു.

എന്നാല്‍ മുലപ്പാല്‍ കുടിക്കുന്നതിനിടെ ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് മണികണ്ഠന്‍ പോലീസിനോട് പറഞ്ഞത്. ഇരുവരും പറഞ്ഞ കഥ പൂര്‍ണമായും പോലീസ് മുഖവിലക്കെടുത്തിട്ടില്ല. പോലീസ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇരുവരും നല്ല മദ്യ ലഹരിയിലായിരുന്നു. അതുകൊണ്ട് ഇരുവരും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോട് പറയുന്നത്.

എസ് പി രാഹുല്‍ ആര്‍ നായര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫോറന്‍സിക് ഫിംഗര്‍ പ്രിന്റ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവരും സ്ഥലത്ത് എത്തി പരിശോധന നടത്തി. ആര്‍ ഡി ഒ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അങ്കമാലി ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടത്തിയാല്‍ മാത്രമേ മരണ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് വ്യക്തമാക്കി.

മരണമടഞ്ഞ കുഞ്ഞിന്റെ അമ്മ സുധയും ഭര്‍ത്താവ് മണികണ്ഠനും മുഴുവന്‍ സമയവും മദ്യലഹരിയിലായിരുന്നു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതും സ്ഥിരമാണ്. കുറച്ച് നാളുകളായി പോലീസ് സ്റ്റേഷന്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡ് തുടങ്ങിയ പരിസര പ്രദേശങ്ങളിലാണ് ഇവര്‍ താമസിക്കുന്നത്. ഇത്തരത്തില്‍ തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണോ കുഞ്ഞ് മരണമടഞ്ഞതെന്നും പോലീസ് സംശയിക്കുന്നുണ്ട്.