Connect with us

Kerala

ലാന്‍ഡിംഗിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ ശക്തമായ കാറ്റും മഴയും ഉണ്ടായതിനാല്‍ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ഭാഗ്യം കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്. പൈലറ്റിന്റെ അതിസാഹസികമായ പ്രവര്‍ത്തനം മൂലം വിമാനം പൊടുന്നനെ റണ്‍വേയിലേക്കെത്തിച്ചതുകൊണ്ടാണ് ദുരന്തം ഒഴിവായത്.

ഇന്നലെ വൈകുന്നേരം 3.30നാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ദുരന്തമുണ്ടാകുവാന്‍ സാധ്യതയുണ്ടായിരുന്ന സംഭവം നടന്നത്. കോളംബോയില്‍ നിന്ന് വന്ന ശ്രീലങ്കന്‍ എയര്‍വേയ്‌സ് വിമാനമാണ് തെന്നിമാറിയത്.

തൊട്ടടുത്ത ചെളിക്കുണ്ടിലേക്ക് ആഴുന്നതിന് മുമ്പായി വിമാനത്തിന്റെ പൂര്‍ണ നിയന്ത്രണം പൈലറ്റിന്റെ കൈകളിലായി. തുടര്‍ന്ന് അതിസാഹസികമായി അദ്ദേഹം വിമാനം യഥാര്‍ഥ ഭാഗത്തേക്ക് അടുപ്പിച്ചു.

വിമാനം തെന്നിമാറിയതിനാല്‍ മൂന്ന് വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്. വിമാനത്തിന് കൂടുതല്‍ പരിശോധന നടത്തേണ്ടതായി വന്നതിനാല്‍ കൊളംബോയിലേക്കുള്ള മടക്കയാത്ര റദ്ദാക്കി.

258 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്നും തെന്നിമാറിയതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഭാഗങ്ങളില്‍ ചെളിപറ്റിയിരുന്നു.

Latest