ആര്‍ ആര്‍ നഗര്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്

Posted on: May 28, 2018 6:08 am | Last updated: May 28, 2018 at 12:10 am

ബെംഗളൂരു: പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്തതിനെ തുടര്‍ന്ന് വോട്ടെടുപ്പ് മാറ്റിവെച്ച ബെംഗളൂരു രാജരാജേശ്വരി നഗര്‍ മണ്ഡലത്തില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. 31നാണ്് ഫലപ്രഖ്യാപനം. കോണ്‍ഗ്രസിന് വേണ്ടി മുനിരത്‌ന നായിഡുവും ജെ ഡി എസിന് വേണ്ടി രാമചന്ദ്ര ഗൗഡയുമാണ് മത്സരിക്കുന്നത്. മുനിരാജു ഗൗഡയാണ് ബി ജെ പി സ്ഥാനാര്‍ഥി. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണിത്. മുനിരത്‌നയെ മാറ്റണമെന്ന് ജെ ഡി എസും കോണ്‍ഗ്രസിലെ ഒരു വിഭാഗവും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹത്തെ തന്നെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. മണ്ഡലത്തില്‍ മൂന്ന് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളും മത്സരിക്കാന്‍ തീരുമാനിച്ചതോടെ കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യത്തിനുള്ള സാധ്യത ഇല്ലാതായി. നിയമസഭയില്‍ മാത്രമാണ് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യമെന്നും തിരഞ്ഞെടുപ്പില്‍ സഖ്യമില്ലെന്നും മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ ജെ ഡി എസ് നേതാവ് എച്ച് ഡി ദേവെഗൗഡ പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ആര്‍ ആര്‍ നഗറിലെ എസ് എല്‍ വി പാര്‍ക്ക് അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് 9,746 വോട്ടര്‍ ഐ ഡികള്‍ പിടിച്ചെടുത്തത്. രാജരാജേശ്വരി നഗറിന് പുറമേ ജയനഗര്‍ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ബി ജെ പി സ്ഥാനാര്‍ഥി ബി എന്‍ വിജയകുമാര്‍ മരണത്തെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. ജൂണ്‍ 11നാണ് ജയനഗറില്‍ വോട്ടെടുപ്പ്.