Connect with us

National

തൂത്തുക്കുടി ശാന്തമാകുന്നു

Published

|

Last Updated

ചെന്നൈ: തൂത്തുക്കുടി മേഖലയില്‍ പ്രഖ്യാപിച്ചിരുന്ന നിരേധനാജ്ഞ പിന്‍വലിച്ചു. കലക്ടര്‍ സന്ദീപ് നന്ദൂരിയാണ് നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഉത്തരവിട്ടത്. മേഖലയില്‍ സ്ഥിതിഗതികള്‍ ശാന്തമായിട്ടുണ്ടെന്നും ജീവിതം സാധാരണ നിലയിലേക്ക് വരികയാണെന്നും കലക്ടര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ ശനിയാഴ്ച രാത്രി തന്നെ പുനഃസ്ഥാപിച്ചിരുന്നു.

എന്നാല്‍, കമ്പനി പൂട്ടാതെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന സമരക്കാരുടെ നിലപാട് സര്‍ക്കാറിനെ കുഴക്കുകയാണ്. മൃതദേഹം സംരക്ഷിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു. അതേസമയം, സമരക്കാര്‍ക്ക് നേരെയുണ്ടായ വെടിവെപ്പ് ആസൂത്രിതമായിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

എന്നാല്‍ സമരക്കാരെ പോലീസുകാര്‍ കൂട്ടമായി ചേര്‍ന്ന് ലാത്തി കൊണ്ട് അടിക്കുന്നതിന്റെയും കൈമുട്ട് കൊണ്ട് ഇടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പോലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. രണ്ട് ദിവസമായി നാല് സ്ഥലങ്ങളില്‍ നടന്ന വെടിവെപ്പിലാണ് മരണങ്ങളുണ്ടായത്. പോലീസ് വാനിന്റെ മുകളില്‍ കയറി നിന്ന് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ ചില ചാനലുകള്‍ നേരത്തേ പുറത്ത് വിട്ടിരുന്നു. ഒന്നിനെയെങ്കിലും കൊല്ലണമെന്ന് ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു. തൂത്തുക്കുടിയില്‍ വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടി നടന്ന ജനകീയ സമരത്തിനിടെയാണ് പോലീസ് വെടിവെപ്പ് ഉണ്ടായത്. പ്രത്യക്ഷ സമരം നൂറ് ദിവസം പിന്നിടുന്നതിന്റെ പശ്ചാത്തലത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചാണ് സംഘര്‍ഷത്തിലും വെടിവെപ്പിലും കലാശിച്ചത്.
മേഖലയില്‍ നിരോധനാജ്ഞ പിന്‍വലിച്ചെങ്കിലും ഇവിടെ വിന്യസിച്ച പോലീസിനെ പിന്‍വലിക്കില്ല. കമ്പനി പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുതിയ പ്ലാന്റ് ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിട്ടുമുണ്ട്. അവിടേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനാല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. പ്ലാന്റ് തുറക്കണമെന്ന് സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നേക്കുമായി അടച്ചു പൂട്ടുക തന്നെ ചെയ്യുമെന്നും കലക്ടര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്ലാന്റ് അടച്ചു പൂട്ടാന്‍ ഒരുക്കമല്ലെന്നാണ് വേദാന്ത ഗ്രൂപ്പ് പറയുന്നത്.

അതിനിടെ, വാര്‍ത്താ വിതരണ മന്ത്രി കടമ്പൂര്‍ രാജു വെടിവെപ്പില്‍ പരുക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. രൂക്ഷമായ പ്രതികരണങ്ങളോടെയാണ് ജനങ്ങള്‍ മന്ത്രിയെ വരവേറ്റത്. കമ്പനി എന്നെന്നേക്കുമായി അടച്ച് പൂട്ടുമെന്ന് എഴുതിത്തരാതെ സമരം നിര്‍ത്തില്ലെന്ന് ജനങ്ങള്‍ മന്ത്രിയെ അറിയിച്ചു. എന്നാല്‍ മന്ത്രി അതിന് കൂട്ടാക്കിയില്ല. ഇതാദ്യമായാണ് ഒരു മന്ത്രി പ്രദേശം സന്ദര്‍ശിക്കുന്നത്. ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വം ഇന്ന് പ്രദേശത്തെത്തും.

Latest