Connect with us

National

ധനകാര്യ കമ്മീഷന്‍ ഇന്ന് മുതല്‍ കേരളത്തില്‍: സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യും

Published

|

Last Updated

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മീഷന്റെ കേരള സന്ദര്‍ശനം ഇന്ന് മുതല്‍. സംസ്ഥാനത്തിന്റെ സാമ്പത്തികനില അവലോകനം ചെയ്യുന്നതിനും സാമൂഹികസാമ്പത്തിക രംഗത്ത് സംസ്ഥാനം കൈവരിച്ചിട്ടുള്ള പുരോഗതി വിലയിരുത്താനും ലക്ഷ്യമിടുന്ന സന്ദര്‍ശനം 31 വരെ തുടരും. ചെയര്‍മാന്‍ എന്‍ കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കേരളം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിവിധ സംഘടനാപ്രതിനിധികളുമായും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. വിവിധ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തും. സന്ദര്‍ശനത്തിന് മുന്നോടിയായി കേരളത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഡല്‍ഹിയില്‍ വെച്ച് കേരളത്തിലെ അക്കൗണ്ടന്റ് ജനറലില്‍ നിന്ന് കമ്മീഷന്‍ ശേഖരിച്ചിരുന്നു. നികുതി വിഭജന മാനദണ്ഡത്തിലുള്‍പ്പെടെയുള്ള എതിര്‍പ്പ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ അറിയിക്കും. ഇക്കാര്യത്തില്‍ നേരത്തെ തന്നെ സര്‍വകക്ഷി യോഗം ചേര്‍ന്ന് ധാരണയിലെത്തിയിരുന്നു.

അംഗങ്ങളായ ശക്തികാന്ത ദാസ്, ഡോ. അനൂപ് സിംഗ്, ഡോ. അശോക് ലാഹ്‌രി, ഡോ. രമേശ് ചന്ദ് തുടങ്ങിയവരും സെക്രട്ടറി അരവിന്ദ് മേത്തയും മറ്റ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. സമീപകാല വികസനത്തെയും സാമ്പത്തികവളര്‍ച്ചയിലും വികസനത്തിലുമുള്ള കേരളത്തിന്റെ ഭാവിസാധ്യതകളെയും കുറിച്ച് കമ്മീഷന്‍ ആഴത്തില്‍ പഠിക്കും. സന്ദര്‍ശന വേളയിലെ കൂടിക്കാഴ്ചകളിലൂടെയും ആശയവിനിമയത്തിലൂടെയും ആയിരിക്കും ഈ പഠനം. സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തികനിലയെക്കുറിച്ച് വിശദമായ അവതരണം നടക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍, വ്യാപാരവ്യവസായ മേഖലകളുടെ പ്രതിനിധികള്‍ എന്നിവരുമായും ചര്‍ച്ച നടത്തും. നഗര പ്രാദേശിക ഭരണകൂടങ്ങളുമായും പഞ്ചായത്തീരാജ് സ്ഥാപനങ്ങളുമായും ആശയവിനിമയത്തിനുള്ള സംവിധാനവുമുണ്ടാകും.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങളിലെ പല നിര്‍ദേശങ്ങളും സംസ്ഥാനത്തിന് ആശങ്ക ഉളവാക്കുന്നതാണ്. നികുതി വിഭജനം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നടത്തണമെന്ന നിര്‍ദേശം കേരളത്തിന് തിരിച്ചടിയാകും. അതിനാല്‍ 1971ലെ സെന്‍സസ് പ്രകാരം നികുതി വിഭജനം നടത്തണമെന്ന ആവശ്യം കേരളം മുന്നോട്ടുവെക്കും.

സംസ്ഥാനങ്ങള്‍ക്ക് വിഭജിച്ചുനല്‍കുന്ന കേന്ദ്രനികുതി വിഹിതം 42 ശതമാനത്തില്‍ നിന്ന് 50 ശതമാനമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെടും. ധനക്കമ്മി ജി ഡി പിയുടെ 1.7 ശതമാനമായി നിജപ്പെടുത്താനുളള ശിപാര്‍ശ കേരളത്തിന് ദോഷം ചെയ്യും. അതിനാല്‍ നിലവിലുളള നിയമത്തില്‍ ഒരു മാറ്റവും വരുത്തരുതെന്നാണ് നിലപാട്.

തീരസംരക്ഷണം, റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസം, വനസംരക്ഷണം, തിരിച്ചുവരുന്ന പ്രവാസികളുടെ ക്ഷേമത്തിനുളള പദ്ധതികള്‍, നൈപുണ്യവികസനം എന്നിവക്ക് പ്രത്യേക ഗ്രാന്റ് നല്‍കണമെന്നും സംസ്ഥാനം ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ വിഹിതം 2011ലെ സെന്‍സസ് അടിസ്ഥാനമാക്കി നിജപ്പെടുത്തുമെന്നാണ് കമ്മീഷന്റെ പരിഗണനാവിഷയത്തിലുള്ളത്. സാമൂഹിക സുരക്ഷക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിനാല്‍ സംസ്ഥാനത്തിന്റെ ബജറ്റ് കമ്മി കൂടി നില്‍ക്കുകയാണ്. ഇതുവെച്ചുമാത്രം കാര്യങ്ങള്‍ വിലയിരുത്തിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും. പതിനാലാം കമ്മീഷന്‍ ഇതെല്ലാം വിശദമായി പരിശോധിച്ചിരുന്നു. അതിനുശേഷമാണ് റവന്യൂ കമ്മി ഗ്രാന്റ് അനുവദിച്ചു തന്നത്.

ഇത്തരം പരിഗണനാ വിഷയങ്ങള്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 250 (2)ഡി പ്രകാരം നിലനില്‍ക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെ വാദം. അതിനാല്‍ സംസ്ഥാനത്തിന് അര്‍ഹതയുള്ള ഗ്രാന്റ് തുടരണം.

ധനക്കമ്മി സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പരമാവധി മൂന്ന് ശതമാനമായിരിക്കണമെന്നാണ്. ധനക്കമ്മി മൂന്ന് ശതമാനത്തില്‍ നിന്ന് കുറവ് വരുത്താനുള്ള ഏതു നീക്കവും സംസ്ഥാനത്തിന്റെ കടമെടുപ്പിനെയും മൂലധന ചെലവിനെയും ദോഷകരമായി ബാധിക്കും.

ഗ്രാന്റുകള്‍ നല്‍കുന്നതിന് നിബന്ധനകളായി ധനക്കമ്മിയുടെയും റവന്യൂ കമ്മിയുടെയും പരിധി, ധന ഉത്തരവാദിത്വ നിയമത്തിന്റെ ഭാഗമാക്കാനുള്ള ശ്രമവുമുണ്ട്. സംസ്ഥാനത്തിന് ആവശ്യത്തിനുള്ള ഫണ്ട് ലഭിക്കാതെ വരുന്ന സാഹചര്യമാണ് ഇതെല്ലാമുണ്ടാക്കുക. കടമെടുപ്പിന് നേരത്തെയുള്ള വ്യവസ്ഥക്ക് പുറമെ മറ്റൊരു വ്യവസ്ഥയും വെക്കരുതെന്നും കേരളം ആവശ്യപ്പെടും.

Latest