കള്ളനല്ലെന്നു താണുകേണു പറഞ്ഞിട്ടും

Posted on: May 28, 2018 6:00 am | Last updated: May 27, 2018 at 11:12 pm

കള്ളനല്ലെന്നുതാണു കേണ് പറഞ്ഞിട്ടും അവര്‍ കേട്ടില്ല. ഓടിപ്പോകാതെയിരിക്കാന്‍ അരയില്‍ കയറിട്ടു കെട്ടി, ആദ്യം ജാതി ചോദിച്ചു, പിന്നെ വളഞ്ഞിട്ടു തല്ലി. ഊഴമിട്ട് വടി കൊണ്ട് ആഞ്ഞടിച്ചു. ക്രൂരമായ മര്‍ദനമേറ്റു ബോധം കെട്ട്, ഒടുവില്‍ അയാള്‍ ആശുപത്രിയില്‍ മരിച്ചു.

ഗുജറാത്തിലെ രാജ്‌കോട്ടില്‍ മാലിന്യകുപ്പയില്‍ നിന്ന് ജീവിതം ചികഞ്ഞ ഒരു സാധു ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന്റെ ചിത്രം അത്രപെട്ടെന്നൊന്നും നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകില്ല. ഇക്കഴിഞ്ഞ ദിവസം ദളിത് യുവാവിന് നേര്‍ക്കുണ്ടായ ക്രൂരമായ പീഡനത്തിന്റെ നേര്‍ക്കാഴ്ചയാണിതെങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തര്‍പ്രദേശില്‍ ദളിത് യുവതിക്കു നേരെയുണ്ടായ കടന്നാക്രമണം അതി ക്രൂരമായിരുന്നു. യു പിയിലെ പ്രശസ്തമായ നൈമിശരണ്യ ധാം ക്ഷേത്രത്തിനടുത്ത് വെച്ചാണ് യുവതി ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. അമാവാസി ദിവസം മരുമകനെയും കൂട്ടി അമ്പലത്തിലേക്ക് പോവുകയായിരുന്നു യുവതി. അക്രമികള്‍ മരുമകനെ അടിച്ചു വീഴ്ത്തിയ ശേഷം യുവതിയെ ആക്രമിച്ചു. കഥ അവിടെയും തീരുന്നില്ല. ദിവസങ്ങള്‍ പിന്നോട്ടെണ്ണിയാല്‍ വീണ്ടും അതിക്രൂരമായ ദളിത് പീഡനത്തിന്റെ മറ്റൊരനുഭവം വായിച്ചെടുക്കാനാകും. ഗുജ്ജര്‍ സമുദായത്തിലെ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ആകാശ് ഖോണ്ടുവാള്‍ എന്ന ദലിത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു കൊന്നതാണ് മറ്റൊന്ന്. ഇങ്ങനെ അവസാനമില്ലാതെ പോകുകയാണ് ഇന്ത്യയില്‍ ദളിത് വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമവും പീഡനവും കൊലപാതകവും.

കഴിഞ്ഞ ദിവസം ഗുജറാത്തില്‍ സവര്‍ണര്‍ കെട്ടിയിട്ട് തല്ലിക്കൊന്ന മുകേഷ് വാണിയെന്ന ദളിത് യുവാവ് വരെയുള്ളവര്‍ നമുക്ക് മുന്നില്‍ വീണ്ടും ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളാകുകയാണ്. എത്ര പറഞ്ഞാലും തീരാത്ത ദളിത് പീഡനങ്ങളുടെ കഥയിലെ അവസാനത്തെ കണ്ണികളാകട്ടെ ഇവരെന്ന് എത്ര വട്ടം മനസ്സില്‍ ഉരുവിട്ടാലും വീണ്ടും വീണ്ടും നമുക്ക് മുന്നിലെത്തുന്ന ദയനീയമായ കൊലകളുടെയും പീഡനങ്ങളുടെയും കണക്കുകള്‍ പൊള്ളിക്കുകയാണ്. രാജ്യത്ത് ദളിത് പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന കടുത്ത ഭീഷണികള്‍ അവസാനിക്കുന്നില്ലെന്ന ഭയാനകമായ സാമൂഹികാവസ്ഥയെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്.

രാജ്യത്ത് ദളിതര്‍ ഭീതിയുടെ കരിനിഴലിലാണ് ജീവിക്കുന്നത് എന്ന യാഥാര്‍ഥ്യത്തെ അടിവരയിടുന്ന ദുരനുഭവങ്ങള്‍ അടുത്ത കാലത്തായി എത്രയോ അധികം ഇരട്ടിയാണ്. ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മഹാ രാഷ്ട്ര, ഉത്തരാഖണ്ഡ് എന്നിങ്ങനെ ഉത്തരേന്ത്യയില്‍ അടുത്തിടെ നടന്ന ദളിത് പീഡനങ്ങളുടെ കരളലിയിക്കുന്ന കഥകള്‍ പറഞ്ഞാലൊടുങ്ങില്ല. കഴിഞ്ഞ ഭരണകാലങ്ങളെ അപേക്ഷിച്ച് ദളിത് പീഡനങ്ങളില്‍ ബി ജെ പി ഭരണകാലത്തുണ്ടായ വലിയ തോതിലുള്ള വര്‍ധനക്ക് കാരണം സംഘ്പരിവാര്‍ രാഷ്ട്രീയത്തിലെ ദളിത് വിരുദ്ധത തന്നെയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.

രാജ്യത്ത് ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നത് കേന്ദ്ര സര്‍ക്കാര്‍ തന്നെ പരോക്ഷമായി സമ്മതിക്കുന്നുവെന്നതാണ് അതിശയകരം. 2016ല്‍ മാത്രം 47,336 ദളിത്പീഡന കേസുകളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്‌രാജ് ഗംഗാറാം അഹിര്‍ ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു. ഇതില്‍ 78.3 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 25.8 ശതമാനം കേസുകളില്‍ ശിക്ഷാവിധി പുറപ്പെടുവിച്ചതായുമാണ് മന്ത്രി അന്ന് പറഞ്ഞത്. 6,564 കേസുകളാണ് പട്ടികവര്‍ഗവിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 81 ശതമാനം കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും 20 ശതമാനം കേസുകളില്‍ വിധി പുറപ്പെടുവിച്ചതായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. 2015ല്‍ 38,564 കേസുകളാണ് രാജ്യത്ത് ദളിത് വിഭാഗത്തെ ആക്രമിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും പതിനായിരത്തോളം കേസുകളുടെ വര്‍ധന.

ഇന്ത്യയുടെ ഇതര ഗ്രാമാന്തരങ്ങളില്‍ ദളിത് വിഭാഗക്കാര്‍ തൊട്ടുകൂടാത്തവരായും തീണ്ടിക്കൂടാത്തവരായും കഴിയുന്ന കാലം ഇനിയും മാറിയിട്ടില്ലെന്ന് തന്നെയാണ് ഓരോ ദിവസവും പുറം ലോകത്തെത്തുന്ന പീഡനങ്ങളുടെ കഥകള്‍ നമുക്ക് പറഞ്ഞ് തരുന്നത്. വിവാഹഘോഷയാത്ര നടത്തിയതിന് ഒരു ദളിതന്റെ മൂക്ക് ചെത്തിക്കളഞ്ഞ കഥ മുമ്പ് ഉത്തര്‍പ്രദേശിലെ സുര്‍പാതി ഗ്രാമത്തില്‍ നിന്ന് നാം കേട്ടിട്ടുണ്ട്. ദളിതര്‍ വിവാഹം ആഘോഷമായി നടത്തുന്നതിലുള്ള ‘സവര്‍ണ രോഷ’മായിരുന്നു ഇതിലൂടെ പ്രകടമായത്. ‘ദളിതരില്‍ ദളിത’രായ മുശാഹറുകള്‍ ഇപ്പോഴും വയലില്‍ പതുങ്ങിയിരുന്ന് എലികളെ ഭക്ഷിച്ച് ജീവിതം നിലനിര്‍ത്തുന്നവരാണത്രെ. ഇവരെ കൈപിടിച്ച് കരക്ക് കയറ്റാന്‍ ദളിത് വീടുകളില്‍ നിന്ന് ഭക്ഷണം കഴിച്ചതായി അഭിനയിക്കുന്ന, രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന അധികാരി വര്‍ഗത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. കക്കൂസ് കഴുകി ജീവിക്കുന്ന അനേകം ദളിതര്‍ ഇപ്പോഴും ഉത്തരേന്ത്യയിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു കക്കൂസ് കഴുകിയാല്‍ കിട്ടുന്ന 10 രൂപക്കുവേണ്ടി. ഈ പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന 7.94 ലക്ഷം പേര്‍ ഇന്ത്യയിലുണ്ടെന്നാണ് 2011ലെ സാമൂഹിക സാമ്പത്തിക സര്‍വേ പറയുന്നത്. 1.80 ലക്ഷം കുടുംബം ഈ പ്രവൃത്തിയെ ആശ്രയിച്ചാണ് ഇന്നും ജീവിക്കുന്നത്.

ആര്‍ക്കും ചവിട്ടിത്തേച്ചു കടന്നു പോകാവുന്ന സമൂഹമായി ദളിതര്‍ സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ആഴ്ന്നു പോകുന്നുവെന്നതിനെ വീണ്ടും അടയാളപ്പെടുത്തുകയാണ് പീഡനങ്ങളുടെ ഓരോ പുതിയ കഥകളും. ജാതിയുടെ പേരില്‍ ഇന്ത്യയില്‍ ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ പോലെ കടുത്ത പാതകങ്ങള്‍ ലോകത്തെവിടെയുമില്ല. ഹിന്ദുത്വത്തിന്റെ അതിപ്രസരം തന്നെയാണ് ദളിത് പീഡനങ്ങളുടെ പ്രധാന പശ്ചാത്തലമെന്നറിയാന്‍ ഓരോ സംഭവങ്ങളും ഇഴകീറി പരിശോധിക്കേണ്ടകാര്യമില്ല. ദളിതര്‍ മാംസാഹാരികളും സവര്‍ണ ജീവിതരീതികള്‍ പിന്തുടരാത്തവരും പരമ്പരാഗതമായ തൊഴിലുകള്‍ ചെയ്യുന്നവരുമാണ്. രാജ്യത്തെവിടെയും സംഘ്പരിവാറിന്റെ പശുഭക്തിയും സവര്‍ണഫാസിസവും അവര്‍ക്കന്യമാണ്. ഇന്ത്യയില്‍ ഗോഹത്യാനിരോധനം എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കാന്‍ ആവശ്യപ്പെടുന്ന സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ ദളിതരെ അവരുടെ ജീവിതശീലങ്ങളില്‍നിന്ന് ഭീഷണിപ്പെടുത്തിയകറ്റാനും സവര്‍ണരുടെ അടിമകളാക്കി പഴയ ജാതി സമ്പ്രദായം കുറേക്കൂടി ശക്തമാക്കി നിലനിര്‍ത്താനുമാണ് ആഗ്രഹിക്കുന്നത്.

ഇത് നടക്കാതെയും നടപ്പാക്കാതെയും വരുമ്പോഴാണ് കൊലയും കൊള്ളിവെപ്പും ആക്രമണങ്ങളും കൂടിക്കൂടി വരുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ടായ ദളിതര്‍ക്കെതിരായ എല്ലാ നീക്കങ്ങളും പരിശോധിച്ചാല്‍ അതില്‍ ഏറെയും സംഘ്പരിവാര്‍ നിയന്ത്രണത്തിലുള്ള സര്‍ക്കാറുകള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നു കാണാനാകും. ഗുജറാത്തില്‍ ദളിത് യുവാക്കളെ മനുഷ്യത്വരഹിതമായി മര്‍ദിച്ച് പരുക്കേല്‍പ്പിച്ചത് രാജ്യം മുഴുവന്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നത് നാം കണ്ടതാണ്. ഈ പ്രക്ഷോഭം ഗുജറാത്തിന്റെ അതിരുകള്‍ ഭേദിച്ച് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിക്കാനിടയായത് അത്തരം അനുഭവങ്ങള്‍ പല സംസ്ഥാനങ്ങളിലും ദളിത് വിഭാഗങ്ങള്‍ നേരിട്ടിരുന്നതിനാലാണെന്നതാണ് പരമാര്‍ഥം. ഗോ സംരക്ഷണത്തിന്റെ പേരില്‍ മാത്രമല്ല, സാമൂഹികമായും വിദ്യാഭ്യാസപരമായും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ദളിതര്‍ക്കെതിരെ പൊതുവെയും ആക്രമണം വര്‍ധിക്കുന്ന കാഴ്ചയാണ് കാണുന്നത്.

സവര്‍ണ ഹിന്ദുത്വരാഷ്ട്രീയം അധികാരത്തിലിരിപ്പുറപ്പിക്കുമ്പോള്‍, രാഷ്ട്രീയവും സാമൂഹികവുമായ ആനുകൂല്യങ്ങളില്‍ പങ്കുപറ്റാന്‍ ദളിതര്‍ വരുന്നതിലുള്ള സവര്‍ണരുടെ അമര്‍ഷവും രോഷവുമാണ് ഇവിടെ പ്രകടമാകുന്നതെന്ന വിലയിരുത്തല്‍ പലപ്പോഴും ശരിയായി തോന്നുന്നത് ഇത്തരം അക്രമങ്ങള്‍ തുടര്‍ക്കഥയായി തുടരുമ്പോഴാണ്. പശ്ചിമ ഉത്തര്‍പ്രദേശിലെ 180 ദളിത് കുടുംബങ്ങള്‍ ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന വാര്‍ത്ത നാം കേട്ടിട്ട് അധിക നാളായിട്ടില്ല. അംബേദ്കറുടെ ഒരു പ്രതിമ സ്ഥാപിക്കാന്‍ ശ്രമിച്ച ദളിതരെ സവര്‍ണ ജാതിക്കാര്‍ തടയുകയും അത് പിന്നീട് ഠാക്കൂര്‍ ദളിത് സംഘര്‍ഷത്തിന് വഴിമാറുകയും ചെയ്തതാണ് ഇവിടങ്ങളില്‍ ദളിതര്‍ക്ക് നേരെയുള്ള അക്രമ പരമ്പരകള്‍ക്ക് വഴിയൊരുക്കിയത്. ധാന്യങ്ങള്‍ക്ക് തീകൊടുത്തും തുടര്‍ന്ന് വീടുകളും വാഹനങ്ങളും തകര്‍ത്തും ദളിതര്‍ക്കു നേരെയുള്ള അക്രമ സംഭവങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു. സവര്‍ണര്‍ക്ക് പിന്തുണയുമായി സംഘ്പരിവാരം കൂടി രംഗത്തെത്തിയതോടെ ദളിതര്‍ക്ക് ജാതി ഭ്രഷ്ട് കൂടി കല്‍പ്പിച്ചു. ഉത്തര്‍പ്രദേശ് എല്ലാ അര്‍ഥത്തിലും ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായി മാറിയതോടെ ഗത്യന്തരമില്ലാതെ ദളിത് കുടുംബങ്ങള്‍ മതപരിവര്‍ത്തനം നടത്തിയെന്നതായിരുന്നു ഉത്തര്‍പ്രദേശ് വരച്ചു കാട്ടിയ ചിത്രം.