രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശത്തിന് പുറത്ത് തന്നെ

Posted on: May 28, 2018 6:04 am | Last updated: May 27, 2018 at 10:19 pm

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ വിവരാവകാശ നിമയത്തിന്റെ അധികാരപരിധിക്ക് പുറത്താണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാജ്യത്തെ ആറ് ദേശീയ പാര്‍ട്ടികള്‍ ശേഖരിച്ച സംഭാവനകളുമായി ബന്ധപ്പെട്ട് പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഹാര്‍ ദുര്‍വെ വിവരാവകാശം വഴി അന്വേഷിച്ചതിനുള്ള പ്രതികരണമായിട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

വിവരാവകാശ നിയമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അധികാര പരിധി നിര്‍ണയിക്കുന്നത് വിവാദപരമാകാമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരിക്കുന്നത്. ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ കമ്മീഷനില്‍ ലഭ്യമല്ല. ഇത് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. അത് വിവരാവകാശ പരിധിയില്‍ ഉള്‍പ്പെടുന്നതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, 2017- 18 വര്‍ഷത്തെ ഇലക്ടറല്‍ ബോണ്ട് വഴിയുള്ള വിവരങ്ങള്‍ ആവശ്യപ്പെടാമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

ബി ജെ പി, കോണ്‍ഗ്രസ്, ബി എസ് പി, എന്‍ സി പി, സി പി എം, സി പി ഐ പാര്‍ട്ടികളുടെ സംഭാവന വിവരങ്ങളാണ് വിവരാവകാശം വഴി അന്വേഷിച്ചിരുന്നത്.