മെകുനുവില്‍ മരണം 12; നിരവധി പേരെ കാണാതായി

Posted on: May 27, 2018 8:41 pm | Last updated: May 27, 2018 at 8:41 pm
മെകുനു കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒമാന്‍ തീരത്ത് മലയിടിഞ്ഞപ്പോള്‍.

മസ്‌കത്ത്: ഒമാന്‍, യമന്‍ തീരങ്ങളില്‍ ആഞ്ഞടിച്ച മെകുനു കൊടുങ്കാറ്റില്‍ 12 മരണം. നിരവധി പേരെ കാണാതായി. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലും യമനിലെ സൊകോത്ര ദ്വീപിലുമാണ് കൊടുങ്കാറ്റ് വീശിയത്. മേഖലയില്‍ വന്‍ നാശനഷ്ടമുണ്ടായി. ഒമാനില്‍ നാല് പേരും യമനില്‍ എട്ട് പേരുമാണ് മരിച്ചത്.

വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കിടന്ന 90 സ്വദേശിളെയും 100 വിദേശികളെയും ഇതിനോടകം രക്ഷപ്പെടുത്തി. വാഹനത്തില്‍ കുടങ്ങിയ 38 പേരും വീടിനകത്ത് അകപ്പെട്ട 27 പേരും ഇവരില്‍ ഉള്‍പ്പെടുന്നു. 11 കേസുകളാണ് മെഡിക്കല്‍ സംഘം രജിസ്റ്റര്‍ ചെയ്തത്. പത്തിടങ്ങളില്‍ തീപ്പിടിത്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 16 മറ്റു കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സലാലയിലും യമന്റെ തീര പ്രദേശങ്ങളിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. രണ്ട് ദിവസം കൂടി മഴ തുടരുമെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

സലാലക്ക് സമീപം സഹല്‍നൂത്തില്‍ ചുമര് തകര്‍ന്ന് വീണാണ് 12 വയസ്സുകാരി മരിച്ചത്. ശക്തമായ കാറ്റില്‍ ചുമര്‍ തകര്‍ന്ന് ബാലികയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. ഔഖദില്‍ വാദിയില്‍ പെട്ട വാഹനത്തില്‍ കുടങ്ങിയയാണ് മറ്റൊരു സ്വദേശി മരിച്ചത്. മറ്റൊരു സംഭവത്തില്‍ മൂന്ന് ഏഷ്യന്‍ വംശജര്‍ക്ക് പരുക്കേറ്റു. ഇവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി.

വെള്ളിയാഴ്ച രാത്രി എട്ടിനും പത്തിനുമിടയില്‍ സലാല തീരത്ത് വീശിയ മെകുനു കൊടുങ്കാറ്റ് ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയിലേക്കും ഇവിടെ നിന്ന് യമനിലെ സൊകോത്ര ദ്വീപിലേക്കും നീങ്ങി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്.
സലാല സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപം സ്വദേശി കുടുംബത്തിലെ ആറ് പേരെ രക്ഷപ്പെടുത്തി. മിര്‍ബാത്തില്‍ വെള്ളത്തില്‍ കുടുങ്ങിക്കിടന്ന 16 ഏഷ്യന്‍ വംശജരെയും മറ്റൊരു സ്ഥലത്ത് നിന്നും ടുണീഷ്യന്‍ കുടുംബത്തിലെ ആറ് പേരെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. താഖയില്‍ നിന്നാണ് മറ്റു രണ്ട് പേരെ രക്ഷപ്പെടുത്തിയത്.

യമനില്‍ രണ്ട് ഇന്ത്യക്കാരും അഞ്ച് യമന്‍ സ്വദേശികളുമാണ് മരിച്ചതെന്ന് യമന്‍ ഫിഷറീസ് വകുപ്പ് മന്ത്രി ഫഹദ് കഫീന്‍ പറഞ്ഞു. കാണാതിയ നാല് ഇന്ത്യന്‍ കപ്പല്‍ ജീവനക്കാരെ കണ്ടെത്തി. എട്ട് പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

സലാലയില്‍ സിവില്‍ ഡിഫന്‍സിന്റെയും റോയല്‍ ഒമാന്‍ പോലീസിന്റെയും വിവിധ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്.

മൂന്ന് ദിവസം അവധി

ദോഫാര്‍ ഗവര്‍ണറേറ്റില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ച് രാജകീയ ഉത്തരവ്. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അവധി ആയിരിക്കുമെന്ന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു. സ്വകാര്യ മേഖലയിലും അവധി അനുവദിക്കണമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി.

വിമാനത്താവളം തുറന്നു

കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് അടച്ചിട്ട സലാല രാജ്യാന്തര വിമാനത്താവളം ഇന്നലെ രാത്രി 12 മണി മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. മസ്‌കത്തില്‍ നിന്ന് രാത്രി 1.40നുള്ള ഒമാന്‍ എയര്‍ ആദ്യ സര്‍വ്വീസ് നടത്തി. സലാം എയര്‍ സര്‍വ്വീസുകളും ഇന്നലെ രാത്രി മുതല്‍ പുനരാരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 മുതല്‍ വിമാനത്താവളം അടച്ചിടുകയായിരുന്നു.

വില വര്‍ധിപ്പിച്ചാല്‍ നടപടി

കൊടുങ്കാറ്റിന്റെ പാശ്ചാത്തലത്തില്‍ വിപണിയില്‍ വില വര്‍ധിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ഉപഭോക്തൃ സംരക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. വിതരണക്കാര്‍ക്കും കച്ചവടക്കാര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വീടുകളിലും താമസ സ്ഥലങ്ങളിലും സൂക്ഷിച്ച ഭക്ഷ്യ വസ്തുക്കള്‍ കേടുവന്നതോടെ ഇന്നലെ സാധനങ്ങള്‍ തേടി ആളുകള്‍ കച്ചവട കേന്ദ്രങ്ങളിലെത്തി. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വ്യാഴാഴ്ച കനത്ത തിരക്കാണ് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ അനുഭവപ്പെട്ടത്. ഇന്നലെ വൈദ്യുതി നിലച്ചതോടെ ഫ്രിഡ്ജില്‍ സൂക്ഷിച്ചവയും കേടുവന്നത് ആവശ്യക്കാരെ പ്രയാസത്തിലാക്കി. അതേസമയം, സലാലയിലെ പ്രധാന പച്ചക്കറി, പഴം മാര്‍ക്കറ്റില്‍ വെള്ളം കയറിയതോടെ സാധനങ്ങളെല്ലാം ഒലിച്ചുപോയി. കച്ചവടക്കാര്‍ക്ക് ഇത് വലിയ നഷ്ടമുണ്ടാക്കി.