കര്‍ണാടക സര്‍ക്കാറില്‍ വകുപ്പ് വിഭജനം തര്‍ക്കത്തില്‍: മുഖ്യമന്ത്രി കുമാരസ്വാമി

Posted on: May 26, 2018 9:32 pm | Last updated: May 27, 2018 at 11:26 am

ബെംഗളുരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാറില്‍ വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങളുണ്ടെന്ന് കുമാരസ്വാമി. എന്നാല്‍ ഇത് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ കഴിയുമെന്നും സര്‍ക്കാറിന് ഭീഷണിയില്ലെന്നും അദ്ദേഹം പറഞ്ഞു. സഖ്യ സര്‍ക്കാര്‍ അധികാരത്തിലേറി മണിക്കൂറുകള്‍ മാത്രമാകവെയാണ് മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് മുഖ്യമന്ത്രി തന്നെ തുറന്നു പറയുന്നത്.

വകുപ്പ് വിഭജനത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡില്‍നിന്നും അനുമതി കാത്തിരിക്കുകയാണ്. ഇത് ലഭിച്ചാലുടന്‍ മന്ത്രി സഭാ വിപുലീകരണം നടത്തുമെന്ന് കുമാരസ്വാമി പറഞ്ഞു. വകുപ്പ് വിഭജനുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ പ്രശ്‌നങ്ങളെ അഭിമാന പ്രശ്‌നങ്ങളായി കാണാതെ പരിഹാരം കാണാനാണ് ശ്രമം. എന്നാല്‍ അന്തസും അഭിമാനവും പണയംവെച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടരില്ലെന്നും ഇത് സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി കുമാരസ്വാമി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും ഇന്ന് കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിരുന്നു.