പാക്കിസ്ഥാന്‍ ഇ മെയില്‍ പാസ്‌വേഡ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതായി അഫ്ഗാന്‍ എംബസി

Posted on: May 26, 2018 6:35 pm | Last updated: May 26, 2018 at 9:35 pm

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ ഹാക്കര്‍മാര്‍ തങ്ങളുടെ ഇ മെയില്‍ പാസ്‌വേഡുകള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായി പാക്കിസ്ഥാനിലെ അഫ്ഗാന്‍ നയതന്ത്രജ്ഞര്‍. തങ്ങളുടെ രണ്ട് സ്റ്റാഫ് അംഗങ്ങള്‍ക്കും മറ്റൊരു പൊതു അക്കൗണ്ടിനും ഇത് സംബന്ധിച്ച് ഈ മാസം ഗൂഗിളില്‍നിന്നും മുന്നറിയിപ്പ് സന്ദേശം ലഭിച്ചതായി അഫ്ഗാന്‍ എംബസി വ്യത്തങ്ങള്‍ ബിബിസിയോട് പറഞ്ഞു.

പാക്കിസ്ഥാന്‍ സേന തങ്ങളുടെ പ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകളിലേക്കും ഫോണുകളിലേക്കും മാല്‍വേറുകള്‍ കടത്തിവിടാന്‍ ശ്രമിക്കുന്നതായി ആംനെസ്റ്റി ഇന്റര്‍നാഷണല്‍ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് പാക്ക് സേന പ്രതികരിച്ചിരുന്നില്ല.

ഗൂഗിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിച്ച ശേഷം മറ്റൊരു അഫ്ഗാന്‍ നയതന്ത്രജ്ഞന്റെ ഇ മെയില്‍ ഹാക്ക് ചെയ്യപ്പെടുകയും ഇദ്ദേഹമറിയാതെ ഇതിലൂടെ സംശയാസ്പദമായ രേഖകള്‍ അയക്കപ്പെടുകയുമുണ്ടായി. ഇതിന് പുറമെ അഫ്ഗാന്‍ എംബസി ജീവനക്കാരന്റേയും മുന്‍ ജീവനക്കാരന്റേയും വ്യാജ ഫേസ്ബുക്ക് ഐഡിയുണ്ടാക്കിയും സൈബര്‍ ആക്രമണം നടത്തിയിരുന്നു.