Connect with us

National

യമനിലെ സുകൂത്ര ദ്വീപില്‍ കൊടുങ്കാറ്റ് വീശിയടിച്ചു; 19 പേരെ കാണാതായി

Published

|

Last Updated

സന്‍ആ: യമനിലെ സുകൂത്ര ദ്വീപില്‍ വീശിയടിച്ച മെകുനു കൊടുങ്കാറ്റില്‍ വ്യാപക നാശനഷ്ടം. ദ്വീപിലെ പ്രധാന നഗരങ്ങളിലെല്ലാം കടല്‍വെള്ളം ഇരച്ചുകയറുകയും രണ്ട് കപ്പലുകള്‍ മുങ്ങുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടര്‍ന്ന് 19 പേരെയെങ്കിലും കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ കാറ്റടിക്കുമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ നിരീക്ഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു. 155 കിലോമീറ്റര്‍ വേഗതയിലാണ് മെകുനു കൊടുങ്കാറ്റ് വീശിയടിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു.

രണ്ട് കപ്പലുകള്‍ മുങ്ങിപ്പോയതായും 19 പേരെ കാണാതായെന്നും നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെന്നും യമനിലെ സര്‍ക്കാര്‍ അനുകൂല വാര്‍ത്താ ഏജന്‍സി സബ റിപ്പോര്‍ട്ട് ചെയ്തു. സുകൂത്ര ദ്വീപിനെ ദുരന്തബാധിത പ്രദേശമായി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുകൂത്ര ദ്വീപിലെ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും എല്ലാ പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണുള്ളതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.