തിരികെയെത്തുന്നു, ഇവരെ സൂക്ഷിക്കുക !

Posted on: May 26, 2018 6:09 am | Last updated: May 26, 2018 at 1:09 am
SHARE

റഷ്യയില്‍ ഫിഫ ലോകകപ്പിന് പന്തുരുളുമ്പോള്‍ ചില ടീമുകള്‍ അവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിക്കും. അങ്ങനെയൊരു ടീമാണ് പെറു. 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് കളിക്കാന്‍ വരുന്നുവെന്നത് തന്നെയാണ് പെറുവിനുള്ള ആകര്‍ഷണം. 1982 ലോകകപ്പിലാണ് പെറു അവസാനമായി കളിച്ചത്. യോഗ്യതാ റൗണ്ടില്‍ നാടകീയതകള്‍ സൃഷ്ടിച്ചാണ് പെറുവിന്റെ രംഗപ്രവേശം. അവസാന മിനുട്ടില്‍ സമനില ഗോളുകള്‍, പ്രതിരോധനിരയുടെ പോരാട്ടങ്ങള്‍, തിരിച്ചുവരവുകള്‍ ഇങ്ങനെ ആവേശം കൊള്ളിച്ച പെറു ലാറ്റിനമേരിക്കന്‍ മേഖലയില്‍ നിന്ന് അഞ്ചാം സ്ഥാനക്കാരായാണ് റഷ്യക്ക് ടിക്കറ്റെടുത്തത്.

കോപ അമേരിക്ക ചാമ്പ്യന്‍മാരായ ചിലിയെ ഗോള്‍ ശരാശരിയില്‍ പിന്തള്ളുകയായിരുന്നു പെറു. പ്ലേ ഓഫില്‍ ന്യൂസിലാന്‍ഡിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തുരത്തി.

ആകെയുള്ള നിരാശ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ പോളോ ഗ്യുറേറോ ഡോപ് ടെസ്റ്റില്‍ പിടിക്കപ്പെട്ട് വിലക്ക് നേരിടുന്നതാണ്.
1930 ലാണ് പെറു ആദ്യമായി ലോകകപ്പ് കളിച്ചത്. മികച്ച പ്രകടനം 1970, 1978 വര്‍ഷങ്ങളില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയതാണ്. റിക്കാര്‍ഡോ ഗാരെസയാണ് കോച്ച്. ശ്രദ്ധിക്കേണ്ട താരം ജെഫേഴ്‌സന്‍ ഫര്‍ഫാന്‍.

ലോകകപ്പ് ഫൈനല്‍സിലേക്ക് മൊറോക്കോയുടെ തിരിച്ചുവരവ് ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം. എന്നാല്‍, യോഗ്യതാ റൗണ്ടില്‍ ഇവരുടെ പ്രകടനം നാടകീയതകള്‍ നിറഞ്ഞതല്ലായിരുന്നു. ആധികാരിക ജയങ്ങളുമായി കരുത്തറിയിച്ചാണ് മൊറോക്കോ റഷ്യയിലേക്ക് വരുന്നത്.
പതിയെ ആഫ്രിക്കന്‍ ഫുട്‌ബോളിലെ പവര്‍ഹൗസുകളായി മാറുകയാണ് മൊറോക്കോ. ഐവറികോസ്റ്റിനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ ലോകകപ്പ് യോഗ്യത കരസ്ഥമാക്കിയത്.

മൊറോക്കോയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ ഒരേയൊരു താരം മാത്രമാണ് സ്വദേശത്ത് ജയിച്ചത്. മറ്റുള്ളവരെല്ലാം വിദേശത്ത് ജനിച്ച് മൊറോക്കോയിലെത്തിയവര്‍. ഫ്രാന്‍സ്, ഹോളണ്ട്, സ്‌പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയാര്‍ഥികളായെത്തിയവരിലാണ് മൊറോക്കോയുടെ ലോകകപ്പ് പ്രതീക്ഷ.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍,സ്‌പെയിന്‍ ടീമുകള്‍ക്കൊപ്പമാണ് മൊറോക്കോ നോക്കൗട്ടിലേക്ക് സാധ്യത അന്വേഷിക്കുന്നത്.
1970 ലാണ് ആദ്യമായി ലോകകപ്പ് കളിച്ചത്. അവസാനമായി പങ്കെടുത്തത് 1998 ഫ്രാന്‍സ് ലോകകപ്പി ലും. ഏറ്റവും മികച്ച പ്രകടനം 1986 മെക്‌സിക്കോ ലോകകപ്പില്‍. ഡിയഗോ മറഡോണയുടെ പേരില്‍ രേഖപ്പെടുത്തപ്പെട്ട ആ ലോകകപ്പില്‍ മൊറോക്കോ പ്രീക്വാര്‍ട്ടറിലെത്തിയിരുന്നു. ഹെര്‍വെ റെനാര്‍ഡാണ് പരിശീലകന്‍. ശ്രദ്ധിക്കേണ്ട താരം മെഹ്ദി ബെനാറ്റിയ.

LEAVE A REPLY

Please enter your comment!
Please enter your name here