വര്‍ഗീയ പ്രസംഗവുമായി യോഗി

Posted on: May 26, 2018 6:01 am | Last updated: May 26, 2018 at 12:08 am

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കൈരാന ലോക്സഭാ മണ്ഡലം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീവ്രഹിന്ദു വികാരം ഉണര്‍ത്തുന്ന പ്രസംഗങ്ങളുമായി യോഗി ആദിത്യനാഥ്. മുസ്‌ലിംകള്‍ ഹിന്ദുക്കളെ കൊല്ലുകയാണെന്നും അതുകൊണ്ട് ഹിന്ദുക്കള്‍ ഒരുമിച്ച് നില്‍ക്കണമെന്നുമുള്ള വര്‍ഗീയ പ്രസംഗങ്ങളാണ് യോഗി ഓരോ പ്രചാരണ യോഗങ്ങളിലും നടത്തി കൊണ്ടിരിക്കുന്നത്. മുസാഫര്‍ നഗര്‍, അലീഗഢിലെ ജിന്നാ വിഷയം തുടങ്ങിയവാണ് സംസ്ഥാന മഖ്യമന്ത്രി യോഗി ആദിത്യനാഥ് മണ്ഡലത്തില്‍ പ്രധാനമായും ഉന്നയിക്കുന്നത്.

2013ല്‍ രണ്ട് ഹിന്ദു യുവാക്കളെ കൊന്നത് മുസ്‌ലിം ജനക്കൂട്ടമാണ്.ഹിന്ദുക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നു അഖിലേഷ് സര്‍ക്കാര്‍. ഹിന്ദുക്കളുടെ നേര്‍ക്ക് വ്യാജമായി കേസുകള്‍ ചുമത്തിയപ്പോള്‍ അവര്‍ എവിടെയായിരുന്നുവെന്നും ഇത്തരത്തില്‍ ഹിന്ദുക്കളെ ബലിയാടാക്കുന്നതിന് ബി ജെ പി സര്‍ക്കാര്‍ ഒരിക്കലും സമ്മതിക്കില്ലെന്നും യോഗി പറഞ്ഞു.

വസ്തുതകളെ വളച്ചൊടിച്ചും അസത്യങ്ങള്‍ വിളിച്ചു പറഞ്ഞുമാണ് യോഗി പ്രസംഗിക്കുന്നത്. യു പിയില്‍ ഇനിയൊരു തിരഞ്ഞെടുപ്പ് തോല്‍വി നേരിടാനാകില്ലെന്നത് മുന്നില്‍ കണ്ടാണ് സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാറിന്റെ മുഖ്യന്‍ തന്നെ വര്‍ഗീയ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്. സംസ്ഥാനത്ത് രൂപപ്പെട്ട പ്രതിപക്ഷ ഐക്യത്തേയും ശക്തമായ ഭാഷയിലാണ് യോഗി വിമര്‍ശിക്കുന്നത്.

അതേസമയം, സംസ്ഥാനത്തെ വികസന കാര്യങ്ങള്‍ ബി ജെ പി ഇതുവരെ മണ്ഡലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും യോഗി എങ്ങോട്ടാണ് ഒളിച്ചോടുന്നതെന്നും സംസ്ഥാനത്തെ ബി എസ് പി നേതാക്കള്‍ പ്രതികരിച്ചു.

കൈറാന മണ്ഡലത്തിലെ വോട്ടര്‍മാരുടെ എണ്ണം 16 ലക്ഷമാണ്. വോട്ടര്‍മാരായി ഉള്ളത്. ജാതി സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലമാണിത്. അതുകൊണ്ട് തന്നെ മണ്ഡലത്തിലെ 60 ശതമാനത്തില്‍ അധികം വരുന്ന മുസ്‌ലിം, ദളിത് വോട്ടുകളാണ് ബി ജെ പിവിരുദ്ധ സഖ്യം നോട്ടമിടുന്നത്. ഫുല്‍പൂര്‍, ഖൊരക്പൂര്‍ എന്നിവിടങ്ങളില്‍ നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടായ സാഹചര്യത്തില്‍ വളരെ പ്രാധാന്യത്തോടെയാണ് ഈ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനെ രാഷ്ട്രീയ കക്ഷികള്‍ നോക്കിക്കാണുന്നത്.